ആറന്മുള ഉതൃട്ടാതി ജലോത്സവത്തില്‍ ഈ വര്‍ഷം മേലുകര ചുണ്ടന്‍ നേടിയ വിജയം ഇത്തവണ ഹൂസ്റ്റണില്‍ ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ ആഘോഷിക്കും. നാളെ, ഹൂസ്റ്റണിലെ നായര്‍ പ്ലാസ ഓഡിറ്റോറയത്തില്‍ മേലുകര ചുണ്ടന്റെ വിജയത്തിന്റെ വീഡിയോ പ്രദര്‍ശനവും വള്ളപ്പാട്ടും സദ്യയും ഉണ്ടായിരിക്കും. ഇതിനായി ഹൂസ്റ്റണിലെ എല്ലാ മലയാളികളെയും ചടങ്ങിലേക്കു ക്ഷണിക്കുന്നതായി മേലുകര സ്വദേശിയും അമേരിക്കയിലെ പ്രമുഖ സാംസ്‌കാരിക നേതാവുമായ ശശിധരന്‍ നായര്‍ അറിയിച്ചു.

ആറന്മുളയില്‍ നടന്ന മന്നം ട്രോഫി വള്ളംകളിയിലാണ് ലക്ഷങ്ങള്‍ മുടക്കി പുതുക്കിപണിത മേലുകര ചുണ്ടന്‍ വിജയതിലകമണിഞ്ഞത്. ശശിധരന്റെ നായരുടെ വീടിന്റെ വടക്കേയറ്റത്തുള്ള വെച്ചൂര്‍ മനയ്ക്കല്‍ കടവിലാണ് മേലുകര ചുണ്ടന്റെ വള്ളപ്പുര. ഇവിടെയാണ് ആറന്മുളയപ്പന്റെ തിരുവോണത്തോണി അടുക്കുന്നതും. ശശിധരന്‍ നായരുടെ അമ്മാവന്‍ രാമകൃഷ്ണനായിരുന്നു ഒരു കാലത്ത് ഈ ചുണ്ടന്‍വള്ളത്തിന്റെ അമരക്കാരന്‍. അന്നു തൊട്ടേ ഈ ചുണ്ടനുമായി ശശിധരന്‍ നായര്‍ക്ക് അഭേദ്യബന്ധമുണ്ടായിരുന്നു. 45 വര്‍ഷമായി അമേരിക്കയില്‍ സ്ഥിര താമസക്കാരനാണ് ഫോമയുടെ സ്ഥാപക പ്രസിഡന്റ് കൂടിയായ ഇദ്ദേഹം. ഇപ്പോള്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റ പ്രസിഡന്റാണ്. ഇത്തവണ ഓണത്തിനു നാട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. ആറന്മുളയപ്പന്‍ തോന്നിച്ചതാവാം, അതു കൊണ്ടു തന്നെ മേലുകര ചുണ്ടന്റെ വിജയാഘോഷം ഇവിടെ നടത്താമെന്നു കരുതി- അദ്ദേഹം പറഞ്ഞു.