പാലായില്‍ അ‌ട്ടിമറി വിജയം നേടിയ മാണി സി. കാപ്പന്‍ മന്ത്രിയാകാനുള്ള സാദ്ധ്യത തള്ളാതെ തോമസ് ചാണ്ടിയും സി.പി.എമ്മും. മാണി സി.കാപ്പന്‍ മന്ത്രിയാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി പറഞ്ഞിരുന്നു. കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ മന്ത്രിസ്ഥാനം ചര്‍ച്ചയിലില്ല എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രതികരണം.

പാലായില്‍ വിജയത്തോടെ ജയത്തോടെ എന്‍.സി.പിക്ക് നിയമസഭയില്‍ മൂന്നംഗങ്ങളായി. കായല്‍ നികത്തല്‍ കേസ് തുടരുന്ന സാഹചര്യത്തില്‍ തോമസ് ചാണ്ടിക്ക് മന്ത്രിയാകാന്‍ സാധിക്കില്ല. മാണി സി.കാപ്പന്‍ ജയിച്ചാല്‍ മന്ത്രിയാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് തോമസ് ചാണ്ടി പ്രതികരിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചുതുടങ്ങിയത്. തിര‍ഞ്ഞെടുപ്പ് പ്രചാരണകാലത്ത് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളും ആ പ്രതീതി സൃഷ്ടിച്ചു.

മന്ത്രി സ്ഥാനത്തെ മാറ്റം കോടിയേരി ഇന്നും തള്ളിയില്ല. മന്ത്രിസ്ഥാനം തീരുമാനിക്കുന്നത് ഘടകകക്ഷികളാണെന്നും കോടിയേരി പറഞ്ഞിരുന്നു,​ എന്നാല്‍ മാണി സി. കാപ്പനായി മാറിക്കൊടുക്കുന്നതിന് എ.കെ.ശശീന്ദ്രന്‍ സന്നദ്ധനല്ലെന്ന് അദ്ദേഹത്തിന്റെ പ്രതികരണംതെളിയിക്കുന്നു. തല്‍ക്കാലം ഇത്തരം ആലോചനകളില്ല എന്നാണ് മാണി സി.കാപ്പന്റെയും നിലപാട്. എന്നാല്‍ തോമസ് ചാണ്ടി പക്ഷം വരുംദിവസങ്ങളില്‍ എന്തുനിലപാടെടുക്കും എന്നത് നിര്‍ണായകമാകും.