ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലിക്കോപ്റ്റര്‍ ഭൂട്ടാനില്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഇന്ത്യന്‍ സൈന്യത്തിലെ പൈലറ്റ് ലഫ്. കേണല്‍ രജനീഷ് പാര്‍മറും അദ്ദേഹം പരിശീലിപ്പിച്ചിരുന്ന ഭൂട്ടാന്‍ സൈന്യത്തിലെ പൈലറ്റുമാണ് മരിച്ചത്. ഇന്ത്യന്‍ മിലിട്ടറി ട്രെയിനിങ് ടീമിന്റെ ചീറ്റാ ഹെലിക്കോപ്റ്ററാണ് തകര്‍ന്നു വീണത്. അരുണാചല്‍ പ്രദേശില്‍നിന്ന് ഭൂട്ടാനിലേക്കു പോയ ഹെലിക്കോപ്റ്റര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയ്ക്കാണ് തകര്‍ന്നു വീണതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

രണ്ട് പൈലറ്റുമാര്‍ മാത്രമാണ് ഈ സമയം ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്. തകര്‍ന്ന ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ ഉടന്‍തന്നെ കണ്ടെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തുവെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തിന്റെയും വ്യോമസേനയുടെയും ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയിരുന്നു. തകര്‍ന്നുവീണ ഹെലിക്കോപ്റ്ററിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.