പാലായിലെ തോൽവിയിൽ യുഡിഎഫിനെ കളിയാക്കി മന്ത്രി എം.എം. മണി. സിക്സർ അടിക്കാൻ വന്നവർ യുഡിഎഫിന്റെ “മെക്ക’യിൽ ഡക്കായി എന്നായിരുന്നു മണിയുടെ പരിഹാസം. എൽഡിഎഫാണു ശരിയെന്നും ജനഹൃദയങ്ങളിൽ പിന്തുണ ഉറപ്പിച്ച് ഇടതുപക്ഷ സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
ഇടതുപക്ഷ സർക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഉൗർജസ്വലമായി മുന്നോട്ടുകൊണ്ടുപോകാൻ കരുത്തുപകരുന്നതാണു ജനവിധിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. തുടർന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നുപ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാണി സി. കാപ്പന്റെ പാലായിലെ വിജയം ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിനുള്ള അംഗീകാരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. യുഡിഎഫിന്റെ കോട്ട തകർന്നു, ഐക്യ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പു നഷ്ടപ്പെട്ടു, സംഘടന ശിഥിലമായി. ഏതു സാഹചര്യത്തിലും ജയിക്കാൻ കഴിയുന്ന ഒരു മണ്ഡലമാണു യുഡിഎഫിനു നഷ്ടപ്പെട്ടതെന്നും കോടിയേരി കുറ്റപ്പെടുത്തി.
പാലായിൽ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ജോസ് ടോമിനെ അട്ടിമറിച്ചാണു മാണി സി. കാപ്പൻ വിജയിച്ചത്. 54,137 വോട്ടുകൾ മാണി സി. കാപ്പൻ നേടിയപ്പോൾ 51194 വോട്ടുകളെ ജോസ് ടോമിനു നേടാനായുള്ളൂ. ബിജെപി സ്ഥാനാർഥി എൻ. ഹരിക്ക് 18044 വോട്ടുകൾ മാത്രമാണു ലഭിച്ചത്.