54 വർഷം കെ.എം. മാണി കൈവെള്ളയിലെന്നപോലെ കൊണ്ടുനടന്ന പാലാ മണ്ഡലം യുഡിഎഫിനു നഷ്ടപ്പെടുന്പോൾ ചോദ്യങ്ങളും വിമർശനങ്ങളും ഉയരുന്നത് ജോസ് കെ. മാണിക്കും കേരള കോണ്‍ഗ്രസ് നേതൃത്വത്തിനും നേരെ. കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണു ജോസ് ടോമിന്റെ തോൽവിക്കു കാരണമായതെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് ഘടകകക്ഷികളെല്ലാം രംഗത്തെത്തിക്കഴിഞ്ഞു. ആർഎസ്പി ഉൾപ്പെടെയുള്ള കക്ഷികൾ കേരള കോണ്‍ഗ്രസിനെതിരേ പരസ്യ വിമർശനങ്ങൾക്കും തയാറായി.
പാലായിലെ തോൽവിയിൽ പതറില്ലെന്നും പാർട്ടി ജനവിശ്വാസം വീണ്ടെടുക്കുമെന്നുമാണു ജോസ് കെ. മാണി തെരഞ്ഞെടുപ്പു ഫലത്തോടു പ്രതികരിച്ചത്. രണ്ടില ചിഹ്നം ഇല്ലാതിരുന്നതു പാലായിൽ തോൽവിക്കു ഘടകമായെന്നു പറഞ്ഞ ജോസ്, വോട്ടിംഗ് മെഷീനിൽ ജോസ് ടോം ഏഴാമതായതും ചൂണ്ടിക്കാട്ടി. കേരള കോണ്‍ഗ്രസിലെ തർക്കങ്ങളെകുറിച്ചു മൗനം പാലിച്ച ജോസ് കെ. മാണി, പാലായിൽ യുഡിഎഫ് ഒറ്റക്കെട്ടായാണു പോരാടിയതെന്നും പറഞ്ഞുവച്ചു.
മുളക് തേച്ച് ജോസഫ്
അതേസമയം, പാർട്ടിയിലെ പ്രശ്നങ്ങൾ തുറന്നുപറഞ്ഞു പി.ജെ. ജോസഫ് പത്രസമ്മേളനം വിളിച്ചു. പാലായിൽ രാഷ്ട്രീയമല്ല, കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളാണു ചർച്ചയായതെന്നും ജോസ് കെ. മാണിയുടെ പക്വതയില്ലായ്മ തോൽവിക്കു കാരണമായെന്നും ജോസഫ് പറഞ്ഞു. സ്വന്തം ബൂത്തിൽ പോലും കേരള കോണ്‍ഗ്രസ് സ്ഥാനാർഥി പിന്നിലായ ജോസ് കെ. മാണിയുടെ മുറിവിൽ, കാന്താരി മുളക് തേക്കുന്നതായി ജോസഫിന്റെ പ്രതികരണം എന്നു വ്യക്തം.
പാലാ ഉപതെരഞ്ഞെടുപ്പിലെ ജനവിധി പരസ്പരം ചേരിതിരിഞ്ഞു പോരടിച്ച കേരള കോണ്‍ഗ്രസിന് എതിരെയുള്ളതാണെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും തുറന്നടിച്ചു. ജനങ്ങളെ പരിഹസിക്കുന്ന നിലപാടിന് എതിരായ ജനവിധിയാണു പാലായിലുണ്ടായതെന്നു പറഞ്ഞ മുല്ലപ്പള്ളി, ഘടകകക്ഷികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ മറ്റു പാർട്ടികൾക്കു പരിമിതിയുണ്ടെന്നും വ്യക്തമാക്കി.
മയപ്പെടുത്തി ഉമ്മൻ ചാണ്ടി
അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തോൽവിക്കു ബിജെപിയെ പഴിച്ചു രംഗത്തെത്തിയതു ശ്രദ്ധേയമായി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വോട്ട് ഇത്തവണ അവർക്കു ലഭിച്ചില്ലെന്നും വോട്ട് മറിച്ചുവെന്നു പറഞ്ഞ ബിജെപി നേതാവിനെതിരെ നടപടി സ്വീകരിച്ചിരുന്നുവെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. അതേസമയം, തോൽവി ഇരന്നുവാങ്ങിയത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാനും മുതിർന്ന നേതാവ് വി.എം. സുധീരനും കേരള കോണ്‍ഗ്രസിനു നേരെ തന്നെയാണു തോൽവിയിൽ വിരൽ ചൂണ്ടിയത്. തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തമ്മിലാണു മത്സരം വേണ്ടതെന്നും മുന്നണിക്കുള്ളിൽ പാർട്ടികൾ തമ്മിൽ മത്സരം പാടില്ലെന്നും ബെഹനാൻ പ്രതികരിച്ചു. യുഡിഎഫിനു സംഭവിച്ചത് ഞെട്ടിക്കുന്ന തോൽവിയാണെന്നും നേതൃത്വത്തിന് ജനങ്ങൾ നൽകിയ താക്കീതാണ് തോൽവിയെന്നുമാണു സുധീരന്റെ വിമർശനം.
കടുപ്പിച്ച് ആർഎസ്പി, ലീഗ്, മുരളി
കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളിലേക്കാണു ഘടകകക്ഷികളായ മുസ്ലിം ലീഗും ആർഎസ്പിയും വിരൽചൂണ്ടിയത്. തോൽവി കോണ്‍ഗ്രസ് ചോദിച്ചുവാങ്ങിയതാണെന്നും യുഡിഎഫിന്റെ സംഘടനാദൗർബല്യം തിരിച്ചടിയാണെന്നും ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ തുറന്നടിച്ചു. യുഡിഎഫിനുള്ള ഷോക്ക് ട്രീറ്റ്മെന്റാണ് ഇതെന്നായിരുന്നു മുസ്ലിം ലീഗിന്റെ പ്രതികരണം.
മുതിർന്ന നേതാവ് കെ. മുരളീധരൻ കേരള കോണ്‍ഗ്രസിനെതിരായ വിമർശനത്തിൽ ഒരുപടി കൂടി കടന്നു. മാണി സാറിന്റെ ആത്മാവിനേറ്റ മുറിവാണു പരാജയമെന്നും ജനങ്ങൾ മണ്ടൻമാരല്ലെന്നു മനസിലാക്കണമെന്നും മുരളീധരൻ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ തമ്മിലടി പാലായിൽ പരാജയത്തിനു കാരണമായെന്നും രണ്ടു കൂട്ടരും ഒന്നിച്ചു നിന്നില്ലെങ്കിൽ കടുത്ത തീരുമാനത്തിലേക്കു പോകുമെന്നും മുരളി തുറന്നടിച്ചു.