തിരുവനന്തപുരം: സ്മാര്‍ട്ട് വാച്ച്‌ ഉപയോഗിച്ച്‌ പൊലീസ് കോണ്‍സ്റ്റബിള്‍ പി.എസ്.സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതിന് യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ പിടിയിലാകുന്നതിന് മുമ്ബും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന വിവരം പുറത്തുവന്നു. മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്‌ എന്നിവ ഉപയോഗിച്ച്‌ പി.എസ്.സി പരീക്ഷയില്‍ കോപ്പിയടിച്ചതിന് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പിടിയിലായത് ഏഴുപേരാണ്.

പരീക്ഷാ ഹാളില്‍ സ്‍മാര്‍ട്ട് ഫോണ്‍ ദുരുപയോഗം ചെയ്തതിന് പത്തനംതിട്ട സ്വദേശിനിയെ ഡീബാര്‍ ചെയ്തത് രണ്ടു വര്‍ഷത്തേക്കാണ്. 2017ലായിരുന്നു സംഭവം. ഫോണ്‍ ഉപയോഗിച്ച്‌ ക്രമക്കേട് നടത്തിയതിന് കൊല്ലം സ്വദേശിയായ യുവാവിനെയും രണ്ടു വര്‍ഷത്തേക്ക് പരീക്ഷകളില്‍ നിന്ന് കമ്മിഷന്‍ തടഞ്ഞിരുന്നു. സ്മാര്‍ട്ട് വാച്ച്‌ ഉപയോഗിച്ച്‌ കോപ്പിയടിച്ചതില്‍ വനിതാ ഉദ്യോഗാര്‍ത്ഥികളുമുണ്ടായിരുന്നു. വര്‍ഷങ്ങളുടെ കണക്കെടുത്താല്‍ പരീക്ഷയ്ക്കിടെ ക്രമക്കേട് നടത്തിയതിന് നാല്‍പ്പതിലധികം പേര്‍ക്കെതിരെ പി.എസ്.സി നടപടി എടുത്തിട്ടുണ്ട്. പരീക്ഷാഹാളിലെ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതിന് ഉദ്യോഗാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. ഇതില്‍ ചിലര്‍ക്ക് രണ്ടുവര്‍ഷമാണ് വിലക്കെങ്കില്‍ കുറച്ചുപേരെ ആജീവനാന്തകാലത്തേക്ക് വിലക്കി.

മദ്യപിച്ച്‌ പരീക്ഷ എഴുതാന്‍ വരികയും അതുചോദ്യം ചെയ്‌തപ്പോള്‍ പരീക്ഷാഹാളില്‍ ബഹളംവയ്ക്കുകയും ചെയ്ത യുവാവിനെയും നിശ്ചിത കാലയളവിലേക്ക് ഡീബാര്‍ ചെയ്ത സംഭവം ഉണ്ടായിട്ടുണ്ടെന്ന് പി.എസ്.സി വൃത്തങ്ങള്‍ പറഞ്ഞു. വ്യാജ അഡ്മിഷന്‍ ടിക്കറ്റ് ഹാജരാക്കിയ അരഡസന്‍ ഉദ്യോഗാര്‍ത്ഥികളെയും പി.എസ്‌.സി കൈയോടെ പിടികൂടി. ഒന്‍പതാം ക്ലാസ് യോഗ്യതയുള്ള ഒരു യുവാവ് വ്യാജ എസ്‌.എസ്‌.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് അയാളെ ആജീവനാന്ത കാലത്തേക്കാണ് ഡീബാര്‍ ചെയ്തത് .

യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസില്‍ പ്രതികളായ നസീം, ശിവരഞ്ജിത് എന്നിവര്‍ നടത്തിയ പി.എസ്.സി പരീക്ഷ ക്രമക്കേട് വലിയ കോളിളക്കമാണ് സംസ്ഥാനത്തുണ്ടാക്കിയത്. എന്നാല്‍, ഇതിനുമുമ്ബുതന്നെ സ്മാര്‍ട്ട് വാച്ച്‌ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച്‌ ക്രമക്കേട് നടത്തിയിട്ടുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാവുമായിരുന്നെന്ന വിലയിരുത്തലുണ്ട്. എന്തായാലും പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി പരീക്ഷയ്ക്ക് കര്‍ശനമായ മാ‌ര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിട്ടുണ്ട്. സ്മാര്‍ട്ട് വാച്ചുകളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ പരീക്ഷാഹാളില്‍ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് പുതിയ നിര്‍ദേശം.