അഞ്ചു പതിറ്റാണ്ട് നിറ സാന്നിദ്ധ്യമായിരുന്ന കെ എം മാണിയുടെ യുഗം അവസാനിപ്പിച്ച് പാലായില്‍ മറ്റൊരു മാണി പിന്‍ഗാമിയായി എത്തുന്നു. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ എന്‍സിപി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വിജയം. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസഫ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വീഴ്ത്തി മാണി സി കാപ്പന് സീറ്റ് പിടിച്ചു. കെ എം മാണിക്ക് ശേഷം പാലായില്‍ നിന്നും എംഎല്‍എ ആകുന്ന ആദ്യ നേതാവായി ഇതോടെ മാണി സി കാപ്പന് മാറി.
പാലാ നിയോജക മണ്ഡലം നിലവില്‍ വന്ന ശേഷം ഇതാദ്യമായിട്ടാണ് കേരളാകോണ്‍ഗ്രസിനും യുഡിഎഫിനും ഇവിടെ തോല്‍വി പിണയുന്നത്. 54 വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം എല്‍ഡിഎഫ് നേടിയ വിജയം പാലായില്‍ കെ എം മാണിയുടെ വീടിന് മുന്നില്‍ എല്‍ഡിഎഫ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള നേരിയ സംഘര്‍ഷത്തിലേക്കും നയിച്ചു. മാണി സി കാപ്പന് വിജയം ഉറപ്പാക്കിയതോടെ നഗരത്തില്‍ പ്രകടനം നടത്താനുള്ള സിപിഎം പ്രവര്‍ത്തകരുടെ നീക്കമാണ് പ്രശ്നമായത്. കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ എം മാണിക്ക് സിന്ദാബാദ് വിളിക്കുകയായിരുന്നു. 54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്തത്തില്‍ നിന്നും പാലായ്ക്ക് മോചനമെന്നായിരുന്നു മാണി സി കാപ്പന് പ്രതികരിച്ചപ്പോള്‍ ബിജെപി വോട്ടു മറിച്ചെന്ന് കേരളാകോണ്‍ഗ്രസ് ആരോപിച്ചു.
കേരളാ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് പരാജയം. കെ എം മാണിയോട് മൂന്ന് തവണ പരാജയപ്പെട്ട ശേഷമാണ് മാണി സി കാപ്പന് വിജയം നേടിയത്. കഴിഞ്ഞ തവണ കെ എം മാണിയോട് 4000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരായജപ്പെട്ട മാണി സി കാപ്പന് അത്രയും തന്നെ വോട്ടുകള്‍ക്ക് വിജയം നേടി നടത്തിയത് മധുര പ്രതികാരം നടത്തിയപ്പോള്‍ ഭൂരിപക്ഷം കുറയ്ക്കാനായി എന്നതാണ് കേരളാ കോണ്‍ഗ്രസിനും യുഡിഎഫിനും ആശ്വാസമായത്. സിനിമാ നിര്‍മ്മാതാവും സംവിധായകനും നടനുമെല്ലാമായി നിറഞ്ഞു നിന്ന ശേഷം രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെച്ച മാണി സി കാപ്പന് യുഡിഎഫ് കോട്ടയായ ശക്തികേന്ദ്രങ്ങളെല്ലാം പിടിച്ചടക്കിയപ്പോള്‍ മുത്തോലി, മീനച്ചില്‍, കൊഴുവനാല്‍ പഞ്ചായത്തുകളിലെ ബൂത്തുകളില്‍ മാത്രമാണ് യുഡിഎഫ് സ്വതന്ത്രന് ജോസ് ടോമിന് ലീഡ് കണ്ടെത്താനായത്.
കഴിഞ്ഞ തവണ കെ എം മാണിക്ക് 500 വോട്ടുകളിലധികം ലീഡ് നല്‍കുകയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടന് വന്‍ നേട്ടമായി മാറുകയും ചെയ്ത പല പഞ്ചായത്തുകളും മാണി സി കാപ്പന് വേണ്ടി മാറി ചിന്തിക്കുകയായിരുന്നു. ഏറെ വൈകിയായിരുന്നെങ്കിലൂം ആദ്യം വോട്ടെണ്ണിയ രാമപുരം പഞ്ചായത്തിലെ ബൂത്തുകള്‍ മുതല്‍ ലീഡ് നേടിയ മാണി സി കാപ്പന് നില പതിയെ മെച്ചപ്പെടുത്തി. യുഡിഎഫ് മേഖലകളായ കടനാട്, മേലുകാവ്, മൂന്നിലവ് എന്നിവ കടന്ന് എട്ടു പഞ്ചായത്തുകളില്‍ മേല്‍ക്കൈ നേടിയ ശേഷമാണ് ലീഡില്‍ നേരിയ കുറവ് വന്നത്.
പതിവിലും വ്യത്യസ്തമായി ഏറെ വൈകി തുടങ്ങിയ വോട്ടെണ്ണലില്‍ പോസ്റ്റല്‍ വോട്ടുകള്‍ ഇരു പാര്‍ട്ടികള്‍ക്കും തുല്യമായിരുന്നു. മൊത്തം 15 വോട്ടുകളില്‍ ആറു വോട്ടുകള്‍ വീതം ജോസ് ടോമും മാണി സി കാപ്പനും നേടിയപ്പോള്‍ മൂന്ന് വോട്ടുകള്‍ അസാധുവായി. രണ്ടു സര്‍വീസ് വോട്ടുകളും അസാധുവായി. രാമപുരം പഞ്ചായത്തിലെ 22 ബൂത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. മൊത്തം 176 ബൂത്തുകളിലായി 127939 വോട്ടുകളാണ് പോള്‍ ചെയ്തത്.
ഏറെ വൈകിയാണ് വോട്ടെണ്ണല്‍ തുടങ്ങിയതും വിവരങ്ങള്‍ പുറത്തുവന്നതും. എട്ടരയ്ക്ക് ശേഷമായിരുന്നു ആദ്യ സൂചന പുറത്തുവന്നത്. ഒരു മണിക്കൂറോളം വൈകിയാണ് എണ്ണാനായി ഇവിഎം പുറത്തെടുത്തതും. എല്‍ഡിഎഫും യൂഡിഎഫും എന്‍ഡിഎയും ഉള്‍പ്പെടെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥികളായി മാണിസി കാപ്പന് ഒന്നാമതും എന്‍ ഹരി രണ്ടാമതും വരുമ്ബോള്‍ ഏഴാമതാണ് യുഡിഎഫ് സ്വതന്ത്രനായ ജോസ് ടോമിന്റെ വോട്ടുകള്‍ എണ്ണിയത്. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി, പാല, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം എന്നിങ്ങനെ 12 പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് പാലാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.
പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം കെ.എം.മാണിയുടെ വസതിയിലാണ് ജോസ് ടോം ഫലമറിയാന്‍ ഇരുന്നതെങ്കിലും ഫലങ്ങള്‍ മാറി മറിഞ്ഞതോടെ ജോസ് കെ മാണിയുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തി. മാണി സി കാപ്പന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം സ്വന്തം വീട്ടിലിരുന്നായിരുന്നു വോട്ടെണ്ണലിന്റെ വാര്‍ത്തകള്‍ അറിഞ്ഞത്. പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നായിരുന്നു മാണി സി കാപ്പന്റെ പ്രതീക്ഷയെങ്കിലും വലിയ ഭൂരിപക്ഷം നേടാനായില്ല.