”പാലായില്‍ മാണിക്ക് മാറ്റമില്ല. കെ എം മാണിക്ക് ശേഷം മറ്റൊരു മാണി പാലായെ പ്രതിനിധീകരിക്കും. മാണി സി കാപ്പന്‍” ഉപ തെരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ എല്‍ഡിഎഫിന്റെ എന്‍സിപി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ വാക്കുകളായിരുന്നു ഇത്. പാലായിലെ രാഷ്ട്രീയം മാറ്റിമറിച്ച്‌ കെ എം മാണിക്ക് പിന്‍ഗാമിയായി എന്‍ഡിഎഫിന്റെ മാണി സി കാപ്പന്‍ വരുമെന്ന സൂചനയുമായി ഉപതെരഞ്ഞെടുപ്പ് ഫലം.

തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്ബോള്‍ കെ.എം.മാണിയും കേരളാകോണ്‍ഗ്രസും അഞ്ചു പതിറ്റാണ് നിറഞ്ഞു നിന്ന പാലായില്‍ ഇതാദ്യമായി രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകളാണ് ദൃശ്യമാകുന്നത്. 12 പഞ്ചായത്തുകളും ഒരു നഗരസഭയും വരുന്ന മണ്ഡലത്തില്‍ മുത്തോലി ഒഴികെയുള്ള എല്ലാ പഞ്ചായത്തും എല്‍ഡിഎഫിനൊപ്പം പോകുന്ന കാഴ്ചകളാണ് കണ്ടത്.

കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപ തെരഞ്ഞെടുപ്പില്‍ എന്നും കേരളാ കോണ്‍ഗ്രസ് വികാരമായി കരുതിയിരുന്ന പാലായില്‍ യുഡിഎഫിന്റെ കോട്ടകളിലെല്ലാം തുടക്കം മുതല്‍ മാണി സി കാപ്പന്‍ മുന്നേറി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ എം മാണിക്ക് 500 ലധികം വോട്ടുകള്‍ നല്‍കിയ പ്രധാന മണ്ഡലങ്ങളിലെല്ലാം മാണിയുടെ പിന്‍ഗാമിയായ യുഡിഎഫ് സ്വതന്ത്രന്‍ ജോസ് ടോമിന് അടിതെറ്റി. കരൂര്‍, മുത്തോലി, പാലാ നഗരസഭ, കൊഴുവനാല്‍, തലപ്പലം എന്നിവിടങ്ങളായിരുന്നു കെ എം മാണിക്ക് 500 ന് മുകളില്‍ ലീഡ് നല്‍കിയത്. ഇവിടെ മുത്തോലി ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും മാണി സി കാപ്പന്‍ നേട്ടമുണ്ടാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ എം മാണിയെ ഏറ്റവും തുണച്ചത് മുത്തോലി ആയിരുന്നു 1683 വോട്ടിന്റെ ലീഡാണ് കെ എം മാണിക്ക് കിട്ടിയത്. ഇവിടം ഇത്തവണ എണ്ണിയപ്പോള്‍ മാണി സി കാപ്പന്റെ ഭൂരിപക്ഷത്തിന് നേരിയ കുറവ് വരുത്താന്‍ മാത്രമാണ് കഴിഞ്ഞത്. 834 വോട്ടുകളുടെ ലീഡ് കെ എം മാണിക്ക് നല്‍കിയ പാലാ നഗരസഭയിലും മാണി സി കാപ്പനായിരുന്നു മുന്‍തൂക്കം. 772 വോട്ടുകളുടെ ലീഡ് മാണിക്ക് നല്‍കി കരൂരിലും മാണി സി കാപ്പന്‍ നേട്ടമുണ്ടാക്കി. കെ എം മാണിക്ക് 626 വോട്ടുകളുടെ ലീഡ് കഴിഞ്ഞ തവണ നല്‍കിയ തലപ്പലവും ഇത്തവണ എല്‍ഡിഎഫിലേക്ക് ചെരിഞ്ഞു. മാണിക്ക് 500 നടുത്ത് ഭൂരിപക്ഷം നല്‍കിയ ഭരണങ്ങാനത്തും സ്ഥിതി മറിച്ചായി. മാണി സി കാപ്പന്‍ നേട്ടമുണ്ടാക്കി.

ആദ്യം വോട്ടെണ്ണല്‍ നടന്ന യുഡിഎഫിന് ശക്തമായ മുന്‍തൂക്കമുള്ള രാമപുരം കൈവിട്ടപ്പോള്‍ തന്നെ യുഡിഎഫ് പരാജയം മണത്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ എം മാണിക്ക് 180 വോട്ടുകളും തോമസ് ചാഴിക്കാടന് 4500 വോട്ടുകളും നേടാനായ രാമപുരത്ത് ഇത്തവണ 787 വോട്ടുകളുടെ ലീഡാണ് മാണി സി കാപ്പന്‍ ഉണ്ടാക്കിയത്. കെ എം മാണി യെ 117 വോട്ടുകളുടെ ലീഡും തോമസ് ചാഴിക്കാടന് 2727 വോട്ടുകളും നല്‍കിയ കടനാട് ഇത്തവണ മാണി സി കാപ്പന്‍ പിച്ചെടുത്തു. 134 വോട്ടുകളുടെ ഭൂരിപക്ഷം കഴിഞ്ഞ തവണ നല്‍കിയ മൂന്നലവില്‍

മൂന്നിലവും തലനാടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനൊപ്പം നിന്നു. യുഡിഎഫിന് ശക്തമായ മുന്‍തൂക്കമുള്ള രാമപുരം പിടിച്ചടക്കി തുടങ്ങിയ മാണി സി കാപ്പന്‍ ഇതുവരെ എണ്ണിയ രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകള്‍ പിടിച്ചെടുത്തു. യുഡിഎഫിന് ശക്തമായ മുന്‍ തൂക്കമുള്ള മൂന്നിലവിലും മാണി സി കാപ്പന്‍ തന്നെ മുന്നിലെത്തി. കെ എം മാണിക്ക് 419 വോട്ടിന്റെ ലീഡും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 2758 വോട്ടുകളുടെ ലീഡും നല്‍കിയ ഭരണങ്ങാനവും ഇത്തവണ തുണച്ചത് മാണി സി കാപ്പനെ ആയിരുന്നു. ഭരണങ്ങാനത്ത് 807 വോട്ടിന്റെ ലീഡാണ് കിട്ടിയത്.