പാലാ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ജോസ്.കെ മാണി വിഭാഗത്തിന്റെ വോട്ട് എല്‍.ഡി.എഫിന് മറിഞ്ഞെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി.ജെ ജോസഫ് രംഗത്തെത്തി. ജോസ്.കെ.മാണി വിഭാഗത്തിന്റെ വോട്ട് എല്‍.ഡി.എഫിന് പോയിട്ടുണ്ടെന്ന് അദ്ദേഹം പറ‌ഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ വ്യക്തമായ ലീഡോടെ മുന്നേറുകയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍.

അതേസമയം, എന്‍.ഡി.എ വോട്ടുകള്‍ എല്‍.ഡി.എഫ് മറിച്ചെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം രംഗത്തെത്തി. അപ്രതീക്ഷിതമായ തിരിച്ചടിയാ​ണ് യു.ഡി.എഫിന് ഉണ്ടായിരിക്കുന്നതെന്നും ജോസ് ടോം പ്രതികരിച്ചു. എന്നാല്‍, എന്‍.ഡി.എ വോട്ടുകള്‍ മറിഞ്ഞിട്ടില്ലെന്നും അങ്ങനെ ആര്‍ക്കെങ്കിലും മറിയ്ക്കാന്‍ സാധിക്കുന്ന വോട്ടല്ല ബി.ജെ.പിയുടേതെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.ഹരി പറഞ്ഞു. ബി.ജെ.പി-എല്‍.ഡി.എഫ് ധാരണയാണ് പാലാ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത് എന്ന ആരോപണവുമായി മുസ്ലീം ലീഗും രംഗത്തെത്തി.

ആറാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ എല്‍.ഡി.എഫ് മുന്നേറ്റം തുടരുകയാണ്. മാണി സി.കാപ്പന്‍ 4106 വോട്ടുകള്‍ക്ക് മുന്നിലാണ്. എല്‍.ഡി.എഫ്- 26384,​ യു.ഡി.എഫ് 22278, , ബി.ജെ.പി- 8258 എന്നിങ്ങനെയാണ് വോട്ടു നില. രാമപുരം,കടനാട്,​ മേലുകാവ്,​ മൂന്നിലവ്,​ തലനാട്,​ തലപ്പലം,​ ഭരണങ്ങാനം എന്നീ പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്.