പാലാ ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ എന്‍സിപി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ ലീഡ് 3000 ലേക്ക്. 35 ശതമാനം വോട്ടുകള്‍ എണ്ണിത്തീരുമ്ബോള്‍ ഇതുവരെ എണ്ണിയ മുഴുവന്‍ പഞ്ചായത്തിലും എല്‍ഡിഎഫിന് മുന്‍ തൂക്കം. 3106 ​വോട്ടിന്റെ ലീഡാണ് മാണി സി കാപ്പന്‍ നേടിയിരിക്കുന്നത്. 15,111 വോട്ടുകള്‍ മാണി സി കാപ്പന്‍ നേടിയപ്പോള്‍ 12105 വോട്ടുകള്‍ മാത്രമാണ് ജോസ് ടോമിന് കിട്ടിയത്.

രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ് നാലു പഞ്ചായത്തുകളിലെ ഫലം പൂര്‍ണ്ണമായും പുറത്തു വരുമ്ബോള്‍ എല്‍ഡിഎഫ് ഏറെ മുന്നിലാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മാണി സി കാപ്പനെ പിന്നിലാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. യുഡിഎഫിന്റെ ശക്തി കേന്ദ്രമായ രാമപുരത്തു് നിന്നും തുടങ്ങിയ ലീഡ് തലനാട് പഞ്ചായത്തിലേക്ക് കടക്കുമ്ബോഴും എല്‍ഡിഎഫ് ലീഡ് നില നിര്‍ത്തുകയാണ്.

മേലുകാവില്‍ 1861 വോട്ടിന്റെ ഭൂരിപക്ഷമാണ് മാണി സി കാപ്പന് കിട്ടിയത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ശക്തമായ മുന്‍ തൂക്കം കിട്ടിയ പഞ്ചായത്താണ് രാമപുരം. ഇവിടെ ആദ്യം മുതല്‍ ലീഡ് നേടിയ മാണി സി കാപ്പന്‍ പിന്നാലെ കടനാടിലും നില നിര്‍ത്തി. മേലുകാവിലും ആധിപത്യം തുടര്‍ന്നതോടെ ഒരിടത്തും മുന്നേറാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് നേടാനായില്ല.

ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകളായിരുന്നു. തപാല്‍ വോട്ടിലെ ആകെ 15 എണ്ണത്തില്‍ മൂന്ന് വോട്ടുകള്‍ അസാധുവായിരുന്നു. സര്‍വീസ് വോട്ടുകളിലും രണ്ടെണ്ണം അസാധുവായിരുന്നു.

മൊത്തം 176 ബൂത്തുകളിലായി 127939 വോട്ടുകളാണ് പാലായില്‍ ആകെ പോള്‍ ചെയ്തത്. പതിവ് തെറ്റിച്ച്‌ സാവധാനമാണ് വോട്ടെണ്ണല്‍ നടന്നത്. ഏറെ വൈകിയാണ് വോട്ടെണ്ണല്‍ തുടങ്ങിയതും വിവരങ്ങള്‍ പുറത്തുവന്നതും. എട്ടരയ്ക്ക് ശേഷമായിരുന്നു ആദ്യ സൂചന പുറത്തുവന്നത്. ഒരു മണിക്കൂറോളം വൈകിയാണ് എണ്ണാനായി ഇവിഎം പുറത്തെടുത്തതും. പാലായില്‍ 13 സ്ഥാനാര്‍ത്ഥികളാണ് മത്‌സരിക്കുന്നത്.

ഔദ്യോഗിക സ്ഥാനാര്‍ത്ഥികളായി മാണിസി കാപ്പന്‍ ഒന്നാമതും എന്‍ ഹരി രണ്ടാമതും വരുമ്ബോള്‍ ഏഴാമതാണ് യുഡിഎഫ് സ്വതന്ത്രനായ ജോസ് ടോം വരുന്നത്. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി, പാല, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം എന്നിങ്ങനെ 12 പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് പാലാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.