പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ ലീഡ് നേടുന്ന സാഹചര്യത്തില്‍ മാണി വിഭാതത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.ജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടുകള്‍ അപ്പുറത്തേക്ക് മറഞ്ഞിട്ടുണ്ടെന്നാണ് പി ജെ ജോസഫ് ആരോപിച്ചിരിക്കുന്നത്.

പാലാ നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള രാമപുരം പഞ്ചായത്തില്‍ എല്‍ഡിഎഫ് വന്‍ ലീഡി നേടിയത് യുഡിഫിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് കുറഞ്ഞത് 1500 വോട്ടുകളുടെ മുന്‍തൂക്കം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ഥലത്താണ് അദ്ദേഹം 750 വോട്ടുകള്‍ക്ക് പിന്നിലായത്.

കോണ്‍ഗ്രസിന്റേയും കേരള കോണ്‍ഗ്രസിന്റേയും ശക്തികേന്ദ്രമായി വിലയിരുത്തപ്പെടുന്ന പാലായില്‍ ജോസഫ് വിഭാഗത്തിനും ശക്തമായ സാന്നിധ്യമുണ്ട്. എന്നാല്‍
രാമപുരത്ത് കെ. എം മാണിക്ക് കഴിഞ്ഞ തവണ 159 വോട്ടുകളുടെ ലീഡ് മാത്രമാണ് ലഭിച്ചതെന്നും ആ നിലയില്‍ നോക്കുമ്ബോള്‍ വോട്ട് കുറഞ്ഞതില്‍ വലിയ അത്ഭുതമില്ലെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ പ്രതികരണം.

എന്നാല്‍ ആദ്യത്തെ ലീഡ് നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടെണ്ണി തുടങ്ങുന്നതോടെ ഈ സ്ഥിതി മാറുമെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറഞ്ഞു. രാമപുരത്ത് പാര്‍ട്ടിക്ക് സംഭവിച്ചതെന്താണെന്ന് പരിശോധിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം എംപി തോമസ് ചാഴിക്കാടന്‍ പറഞ്ഞു.