യുഎന്‍ പൊതുസഭ ഇന്ന സാക്ഷ്യം വഹിക്കുക ഇന്ത്യാ-പാക് വാക്‌പോരിന്. കശ്മീര്‍ പുനഃസംഘടനയ്ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ പശ്ചാത്തലത്തില്‍ യുഎന്‍ പൊതുസഭയില്‍ നടക്കുന്ന പ്രസംഗങ്ങള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നിറഞ്ഞതാകും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. മോദിക്ക് ശേഷമുള്ള മൂന്നാമത്തെ പ്രാസംഗികന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്.
കശ്മീര്‍ വിഷയത്തില്‍ രണ്ടു രാജ്യങ്ങളുടെയും ഏറ്റുമുട്ടലിന് യുഎന്‍ ഇന്ന് സാക്ഷ്യം വഹിക്കും. നരേന്ദ്ര മോദി ജമ്മുകശ്മീര്‍ പരാമര്‍ശിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കശ്മീര്‍ വിഷയം രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ് എന്ന ഇന്ത്യന്‍ നിലപാട് ഉയര്‍ത്തിപ്പിടിച്ചായിരിക്കും മോദിയുടെ പ്രസംഗം. എന്നാല്‍ ഭീകരവാദം ചൂണ്ടിക്കാട്ടി പാക്കിസ്ഥാനെതിരെ ആഞ്ഞടിക്കാനാണ് സാധ്യത.
ഇമ്രാന്‍ഖാന്റെ പ്രസംഗത്തില്‍ കശ്മീരിനാകും പ്രധാന ഊന്നല്‍. പാക്കിസ്ഥാന്റെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി പൊതുസഭയില്‍ നല്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നടപടിക്കെതിരെ യുഎന്നില്‍ മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇമ്രാന്‍ പാര്‍ട്ടി അനുഭാവികള്‍ക്കു നിര്‍ദ്ദേശം നല്‍കി. കശ്മീരിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കി പാക്കിസ്ഥാന്‍ മനുഷ്യാവകാശങ്ങള്‍ക്കുള്ള യുഎന്‍ ഹൈക്കമ്മിഷണര്‍ക്ക് കത്ത് നല്‍കി. ഇതിനിടെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായി മോദി കൂടിക്കാഴ്ച നടത്തി.