അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഹൂസ്റ്റണ്‍ സെന്റ് ബേസില്‍ യാക്കോബായ ദേവാലയത്തില്‍ പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2019 ഒക്‌ടോബര്‍ 4, 5 (വെള്ളി, ശനി) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

മൂന്നു നൂറ്റാണ്ടുകള്‍ക്കപ്പുറം സത്യവിശ്വാസ സംരക്ഷണത്തിനായി, അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായി അനേക പീഢകളും, കഷ്ടതകളും സഹിച്ച് ഭാരത മണ്ണില്‍ എഴുന്നള്ളിവന്ന് സത്യവിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ വിശ്വാസികളെ അടിയുറച്ച് നിര്‍ത്തി, കോതമംഗലത്ത് കബറടങ്ങിയ പരിശുദ്ധ ബാവായുടെ നാമത്തില്‍ സ്ഥാപിതമായ ടെക്‌സസിലെ പ്രഥമ ദേവാലയത്തിലെ തിരുനാളാണ് ഇതെന്നത് ഏറെ ശ്രദ്ധേയമാണ്.

ഒക്‌ടോബര്‍ നാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് കൊടി ഉയര്‍ത്തുന്നതോടെ ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 6.30-നു ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ വെരി. റവ. ജോസഫ് സി. ജോസഫ് കോര്‍എപ്പിസ്‌കോപ്പ (വികാരി, സെന്റ് മേരീസ് ചര്‍ച്ച്, അറ്റ്‌ലാന്റാ, ജോര്‍ജിയ) വചന പ്രഘോഷണം നടത്തും.

ഒക്‌ടോബര്‍ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 8.30-നു പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്നു വന്ദ്യ ജോസഫ് സി. ജോസഫ് കോര്‍ എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കും. വെള്ളി, ശനി ദാവസങ്ങളില്‍ ചെണ്ട വാദ്യ മേളങ്ങളുടെ അകമ്പടിയോടെ മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി ഭക്തിനിര്‍ഭരമായി വിശ്വാസികള്‍ അടുക്കും ചിട്ടയോടുംകൂടി അണിനിരന്നു നടത്തപ്പെടുന്ന ‘റാസ’ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.

വെരി റവ. ഇട്ടി തോമസ് കോര്‍എപ്പിസ്‌കോപ്പയുടെ (സീനിയര്‍ വൈദീകന്‍), റവ.ഫാ. ഷിനോജ് ജോസഫ് (വികാരി), റവ.ഫാ. ബിജോ മാത്യു (അസോസിയേറ്റ് വികാരി), മനോജ് തോമസ് (ട്രസ്റ്റി), അരുണ്‍ ജോര്‍ജ് (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ പള്ളി മാനേജിംഗ് കമ്മിറ്റി പെരുന്നാള്‍ നടത്തിപ്പിനായുള്ള വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിവരുന്നു

ആശ്രിതര്‍ക്കാശ്വാസവും, ആലംബഹീനര്‍ക്ക് അഭയകേന്ദ്രവുമായ പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ മഹാമധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹീതരാകുവാന്‍ വിശ്വാസികളെ ഏവരേയും ഹാര്‍ദവമായി പെരുന്നാള്‍ ചടങ്ങുകളിലേക്ക് ക്ഷണിക്കുന്നതായി വികാരി റവ.ഫാ. ഷിനോജ് ജോസഫ് അറിയിച്ചു. 12 മണിക്ക് നടത്തപ്പെടുന്ന സ്‌നേഹവിരുന്നോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമാകും.