സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കിയപാല ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ജനവിധിയ്ക്ക് മണിക്കൂറുകൾ ശേഷിക്കെ മൂന്ന് മുന്നണികളും ഒരു പോലെ പ്രതീക്ഷയിലും ഒപ്പം ആശങ്കയിലാണ്. വോട്ടെണ്ണലിന് വേണ്ട എല്ലാ ഒരുക്കങ്ങളും പാലായിൽ പൂർത്തിയായി.

വീറും വാശിയും നിറഞ്ഞ ത്രികോണ മത്സരത്തിനാണ് ആണ് ഇക്കുറി പാലാ വേദിയായത്. യുഡിഎഫിന്റെ കുത്തകയായിരുന്ന മണ്ഡലം ഇത്തവണ മാറി ചിന്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കിട്ടാവുന്ന വോട്ടുകൾ ഒക്കെ കണക്കു കൂട്ടി കഴിഞ്ഞു. ചിലർ ഭൂരിപക്ഷവും പ്രഖ്യാപിക്കുന്നു. പക്ഷെ ജനവിധി എന്താകുമെന്നു കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. കെ എം മാണിക്ക് പകരക്കാരനായി മത്സരിച്ച ജോസ് ടോമിനെ മണ്ഡലം കൈവിടില്ലെന്ന് ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.

മണ്ഡലത്തിൽ അട്ടിമറി വിജയം ലക്ഷ്യം വെക്കുകയാണ് എൽഡിഎഫും എൻഡിഎയും. എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ 5000 മുതൽ 10000 വോട്ടുകൾക്ക് ജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. പൂർണ്ണ ആത്മ വിശ്വാസത്തിൽ ആണ് എൻഡിഎ ക്യാമ്പും.