സ്വിസ് ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണ്ണായക കണ്ടെത്തല്‍. രണ്ട് പതിറ്റാണ്ടു മുന്‍പ് സ്ഥാപിതമായ മോട്ടെക് സോഫ്‌റ്റ്വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം അനധികൃതമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ കോടികളുടെ നിക്ഷേപം നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സ്ഥാപനത്തേക്കുറിച്ചും നിക്ഷേപത്തിന്റെ വിവരങ്ങളേക്കുറിച്ചും വിവരങ്ങള്‍ ലഭിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ടാക്‌സ് വിദഗ്ധര്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരിന്റെ സഹായം തേടിയിരുന്നു. ഇതേ തുടര്‍ന്ന് ഹിയറിംഗിനായി ഒരാളെ നിര്‍ദ്ദേശിക്കണമെന്ന് ചൂണ്ടിക്കാട്ടി സ്വിസ് സര്‍ക്കാര്‍ അധികൃതര്‍ മോട്ടെക്കിന് നോട്ടീസയച്ചിരുന്നു. സെപ്റ്റംബര്‍ 24ന് അയച്ച നോട്ടീസില്‍ 10 ദിവസത്തിനുള്ളില്‍ ഹിയറിംഗിന് ഹാജരാകുന്ന വ്യക്തിയുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ലഭ്യമായ ഔദ്യോഗിക രേഖകളില്‍ ഈ കമ്പനിയുടെ ഉടമസ്ഥാവകാശത്തെയും ബിസിനസ്സ് ഇടപാടുകളെയും കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുന്നില്ലെങ്കിലും അടുത്തിടെ ചോര്‍ന്ന എച്ച്എസ്ബിസി പട്ടികയില്‍ കമ്പനിയുടെ പേരുണ്ട്. ഇന്ത്യയില്‍ നിന്നും ഏറ്റവും വലിയ നിക്ഷേപം നടത്തിയ കമ്പനിയാണ് മോട്ടെക്ക് എന്ന് രേഖകളില്‍ വ്യക്തമാണ്.