പിറവം സെന്റ് മേരീസ് വലിയ പള്ളിയുടെ നിയന്ത്രണം എറണാകുളം ജില്ലാ കളക്ടർ ഏറ്റെടുത്ത് ഇന്ന് ഉച്ചകഴിഞ്ഞു 1.45ന് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. പിറവം പള്ളിയിൽ ആരാധന നടത്താൻ സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായിട്ടും യാക്കോബായ വിഭാഗം തങ്ങളെ തടയുന്നെന്ന് ആരോപിച്ച് ഓർത്തഡോക്സ് വിഭാഗത്തിലെ ഫാ. സ്കറിയ വട്ടക്കാട്ടിൽ, ഫാ. മാത്യു വട്ടക്കാട്ടിൽ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് എ.എം. ഷെഫീഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഓർത്തഡോക്സ് പുരോഹിതർക്ക് ആരാധന നടത്താനും ഈ വിഭാഗത്തിലെ വിശ്വാസികൾക്ക് ചടങ്ങിൽ പങ്കെടുക്കാനും പോലീസ് സംരക്ഷണം നൽകണമെന്നു സെപ്റ്റംബർ 20ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഇതു നടപ്പാക്കിയില്ലെന്നും പിറവം പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്നും ഇന്നലെ രാവിലെ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു. പള്ളിയിലും സമീപത്തും പ്രതിഷേധവുമായി രംഗത്തുള്ള യാക്കോബായ വിഭാഗത്തിലുള്ളവരെ അറസ്റ്റ് ചെയ്ത് ഒഴിപ്പിച്ച് ഇന്നലെ ഉച്ചകഴിഞ്ഞു 1.45നുതന്നെ വിവരം അറിയിക്കാൻ ഡിവിഷൻ ബെഞ്ച് സർക്കാരിന് കർശന നിർദേശം നൽകി. പള്ളിയിൽ പ്രവേശിക്കുന്നതിൽനിന്ന് ഓർത്തഡോക്സ് വിഭാഗത്തെ തടയാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഉച്ചകഴിഞ്ഞു ഹർജി വീണ്ടും പരിഗണിച്ചപ്പോൾ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയെന്നും രണ്ടോ മൂന്നോ ദിവസത്തിനകം നടപടി പൂർത്തിയാക്കാമെന്നും സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി. പ്രതിഷേധക്കാർ നേരത്തെതന്നെ പള്ളിയിൽ പ്രവേശിച്ചിട്ടുണ്ടെന്നും കൂടുതൽ സമയം വേണമെന്നും സ്റ്റേറ്റ് അറ്റോർണി പറഞ്ഞു. ഇതനുവദിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. യാക്കോബായ വിഭാഗത്തിന്റെ പക്ഷം പിടിച്ചാണു പോലീസ് പ്രവർത്തിക്കുന്നതെന്നും നടപടിയെടുക്കാതെ ശങ്കിച്ചുനിൽക്കുകയാണെന്നും അഭിഭാഷകൻ ആരോപിച്ചു.
തുടർന്ന് ഇന്നു രാവിലെ 10.15 ന് കോടതി ചേരുന്പോൾ പള്ളിയുടെയും പരിസരത്തിന്റെയും നിയന്ത്രണം ഏറ്റെടുത്ത് കളക്ടർ റിപ്പോർട്ട് നൽകാൻ ഡിവിഷൻ ബെഞ്ച് നിദേശിച്ചു. സ്റ്റേറ്റ് അറ്റോർണി അസൗകര്യം അറിയിച്ചതിനെത്തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം ഇന്ന് ഉച്ചവരെ നീട്ടി നൽകി. യാക്കോബായ വിഭാഗത്തിനു സംരക്ഷണം വേണമെന്നു കേസിലെ എതിർ കക്ഷികളിലൊരാൾ ആവശ്യപ്പെട്ടെങ്കിലും നിയമലംഘകരെ സംരക്ഷിക്കാനാവില്ലെന്നു ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.