തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ചതിനെ ത്തുടർന്ന് സുപ്രീംകോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ നാലു ഫ്ളാറ്റ് സമുച്ചയങ്ങളിലേക്കുള്ള വൈദ്യുതിബന്ധവും ജലവിതരണവും പൂർണമായും നിർത്തലാക്കി .
പൊളിക്കൽ നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ആദ്യപടിയാണിത്. ഇന്നലെ പുലർച്ചെ അഞ്ചോടെ കെഎസ്ഇബി ഉദ്യോഗസ്ഥരും ജീവനക്കാരും നാലു സംഘങ്ങളായെത്തി ഒരേസമയം നാലു ഫ്ളാറ്റു സമുച്ചയങ്ങളിലെയും വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കുകയായിരുന്നു. സമീപത്തെ 11 കെവി ലൈനുകളിൽ നിന്ന് ഫ്ളാറ്റുകളിലേക്ക് ബന്ധിപ്പിച്ചിരുന്ന ഹൈടെൻഷൻ ലൈനുകളാണ് വിച്ഛേദിച്ചത്. അരമണിക്കൂറിനകം സംഘം നടപടികൾ പൂർത്തിയാക്കി മടങ്ങി.
ഇതോടൊപ്പം തന്നെ മൂന്നു ഫ്ളാറ്റു സമുച്ചയങ്ങളിലേക്കുള്ള ജലവിതരണവും വിച്ഛേദിച്ചു. വാട്ടർ അഥോറിറ്റി തൃപ്പൂണിത്തുറ അസിസ്റ്റന്റ് എൻജിനിയറുടെ മേൽനോട്ടത്തിലായിരുന്നു നടപടി. പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയ നാലു ഫ്ളാറ്റു സമുച്ചയങ്ങളിലായി 350 ഓളം കുടുംബങ്ങളാണുള്ളത്. വൈദ്യുതി വിച്ഛേദിച്ചതിനെത്തുടർന്ന് സ്ത്രീകൾ ഉൾപ്പടെയുള്ള ഫ്ളാറ്റു നിവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.
വൈദ്യുതി നിലച്ചതിനാൽ ഓരോ ജനറേറ്ററുകൾ അധികമായി എത്തിച്ചാണ് താത്കാലിക പരിഹാരം കണ്ടെത്തിയിരിക്കുന്നത്. ജലവിതരണം മുടങ്ങിയതോടെ ടാങ്കറുകളിൽ അധികമായി കുടിവെള്ളവും എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനിടെ പാചകവാതകത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഏജൻസികൾ അറിയിച്ചതായി ഫ്ളാറ്റുകളിലെ താമസക്കാർ പറഞ്ഞു.
ഫ്ളാറ്റ് പൊളിക്കൽ; അന്തിമവിധി ഇന്ന്
കൊച്ചി: ഫ്ളാറ്റുകൾ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ അന്തിമ വിധി ഇന്നുണ്ടായേക്കും. പൊളിച്ചുമാറ്റൽ നടപടികൾ വൈകിയ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തെ തുടർന്നുള്ള നടപടിയുടെ ഭാഗമായാണ് വിധി പ്രസ്താവിക്കുക. അതിനിടെ പൊളിച്ചു മാറ്റേണ്ട ഫ്ളാറ്റുകളിലെ താമസക്കാരെ 29 മുതൽ ഒഴിപ്പിച്ചു തുടങ്ങുമെന്നാണ് സൂചന. അതേസമയം താമസം ഒഴിയുന്നവർക്ക് പകരം താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇതിനിടെ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഫ്ളാറ്റുകളിലെ താമസക്കാർ രംഗത്തെത്തി. വൈദ്യുതി വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് റാന്തൽ വിളക്കുകൾ കത്തിച്ച് താമസക്കാർ പ്രതിഷേധ സമരം നടത്തി.