ഈ വർഷത്തെ പുനരൈക്യ ആഘോഷത്തിന് ശേഷം സെപ്റ്റംബർ 21 ആണ്‌ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ ആദ് ലീമിന സന്ദർശനത്തിന് തിരുമേനിമാർ പുറപ്പെട്ടത്.

*’ആദ് ലീമിന’ – എന്ന വാക്കിന്റെ അർത്ഥം.*
‘പത്രോസ് പൗലോസ്‌ ശ്ലീഹന്മാരുടെ കബറിടങ്ങൾക്ക് മുൻപിൽ’ എന്ന അർത്ഥം വരുന്ന ലത്തീൻ പദങ്ങളുടെ ആരംഭ ഭാഗം ആണ്‌ ‘ആദ് ലീമിന’. റോമാ സന്ദർശിക്കുന്ന മെത്രാന്മാർ, അപ്പോസ്തോല പ്രമുഖനായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും കബറിടങ്ങൾ സന്ദർശിച്ചു ആദരവു പ്രകടിപ്പിക്കുന്ന പതിവ് ആദ്യനൂറ്റാണ്ടുമുതലുണ്ടായിരുന്നു. ലത്തീൻ സഭയിൽ മെത്രാന്മാർ അഞ്ചുവർഷത്തിൽ ഒരിക്കൽ റോമാ സന്ദർശിച്ചു വിശുദ്ധ പത്രോസിന്റെ പിന്തുടർച്ചക്കാരൻ ആയ മാർപാപ്പയ്ക്ക് രൂപതാ സംബന്ധമായ റിപ്പോർട്ട് സമർപ്പിക്കുന്ന നിയമബന്ധിതമായ നടപടിക്ക് പിന്നീട് ‘ആദ് ലീമിന’ സന്ദർശനം എന്ന് പേരുണ്ടായി.
*പൗരസ്ത്യ സഭകളിലെ ‘ആദ് ലീമിന’ സന്ദർശനം.*
പൗരസ്ത്യ സഭകളിലെ മെത്രാന്മാർ ഭദ്രാസന സംബന്ധമായ റിപ്പോർട്ട് അവർ ഉൾപെടുന്ന സഭയിലെ പാത്രിയർക്കിസിനോ ( മേജർ ആർച്ചു ബിഷപ്പ് )നോ ആണ്‌ സമർപ്പിക്കേണ്ടത്. എന്നാൽ പൗരസ്ത്യ കാനോൻ നിയമം അനുശാസിക്കുന്നത് അനുസരിച്ച് ( CCEO 206 – 208) അവർ പാത്രിയർക്കിസ് ന് സമർപ്പിച്ച റിപ്പോർട്ടിന്റെ ഒരു കോപ്പി പരിശുദ്ധ സിംഹാസനത്തിന് നൽകേണ്ടതാണ്.

പൗരസ്ത്യ സഭയിലെ ഒരു മെത്രാൻ സ്ഥാനാരോഹണത്തിന് ശേഷം അഞ്ചുവർഷങ്ങൾക്കുള്ളിൽ സാധ്യമെങ്കിൽ തന്റെ സഭാധ്യക്ഷനായ പാത്രിയർക്കിസിന് ഒപ്പം, റോമാ സന്ദർശിച്ചു വിശുദ്ധ അപ്പോസ്തോലന്മാരുടെ കബറിടങ്ങൾ സന്നർശിച്ചു ആദരവു പ്രകടിപ്പിക്കുകയും കത്തോലിക്കാ കൂട്ടായിമയുടെ ദൃശ്യ തലവൻ, മോർ കേപ്പാ യുടെ പിൻഗാമിയായ മാർപാപ്പായെക്കണ്ടു കൂട്ടായിമ ബന്ധം ശക്തിപ്പെടുത്തേണ്ടത് ഉണ്ട്‌.

അഞ്ചുവർഷത്തിലൊരിക്കൽ കത്തോലിക്കാ കൂട്ടായിമയിൽ ഉൾപ്പെട്ട സഭകളിലെ മെത്രാന്മാർ എല്ലാം മാർപാപ്പായെ സന്ദർശിക്കുന്ന രീതി ‘ആദ് ലീമിന’ ഇന്ന് നിലവിലുള്ളത് അനുസരിച്ചാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മെത്രാന്മാർ കാതോലിക്കാബാവയുടെ നേതൃത്വത്തിൽ ആദ് ലീമിന സന്ദർശനത്തിന് പോയിരിക്കുന്നത്.