മരടിൽ അനധികൃതമായ ഫ്ളാറ്റുകൾ നിർമിച്ച കന്പനികൾക്കെതിരായ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. ഡിജിപി ലോകനാഥ് ബെഹറ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. ഫ്ളാറ്റ് നിർമാതാക്കൾ, അനധികൃത നിർമാണത്തിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെല്ലാം അന്വേഷണ പരിധിയിൽ വരുത്തിയാണ് ഉത്തരവ്.
സുപ്രീം കോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരട് നെട്ടൂരിലെ മൂന്നു ഫ്ളാറ്റുകളുടെ നിർമാണ കന്പനി ഉടമകൾക്കെതിരെ പോലീസ് ബുധനാഴ്ച കേസെടുത്തിരുന്നു. സിവിൽ, ക്രിമിനൽ നടപടി നിയമം 406, 420 എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
നെട്ടൂരിലെ ഫ്ളാറ്റുകളായ കോറൽ കോവ് (ജെയിൻ ഹൗസിംഗ്) ആൽഫാ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റുകളുടെ നിർമാതാക്കൾക്കെതിരെ പനങ്ങാട് പോലീസും കുണ്ടന്നൂരിലെ എച്ച്ടുഒ ഫ്ളാറ്റിന്റെ നിർമാതാവിനെതിരെ മരട് പോലീസുമാണ് കേസെടുത്തത്. നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളും തുടങ്ങി.
സുപ്രീം കോടതിയുടെ അന്തിമ ഉത്തരവുകൾ വരുന്നതിനു മുന്പുതന്നെ താമസക്കാർ നൽകിയിരുന്ന പരാതികളിലാണു നിർമാണ കന്പനി ഉടമകൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ചട്ടലംഘനങ്ങൾക്കെതിരെയുള്ള നിയമ നടപടികളും മറ്റും മറച്ചുവച്ചു ഫ്ളാറ്റുകൾ വില്പന നടത്തി വഞ്ചിച്ചെന്നാണു താമസക്കാരായ ഉടമകൾ നൽകിയ പരാതിയിൽ പറയുന്നത്.
മരട് ഫ്ളാറ്റുകളുടെ നിർമാതാക്കൾക്കെതിരെ ക്രിമിനൽ കേസ് എടുക്കാനും അവരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികളിലേക്കു നീങ്ങാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഫ്ളാറ്റുകൾ നിർമിക്കുന്നതിന് അനുമതി നൽകിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പു തല അന്വേഷണം നടത്തും.