ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ വൈദീകനായ സഖറിയാസ് തോട്ടുവേലില്‍ അച്ചന്റെ സംസ്‌ക്കാരം നടന്നു. ഗുജറാത്തില്‍ വച്ചു ഹൃദയാഘാതം മൂലം ശനിയാഴ്ചയായിരുന്നു അദ്ദേഹം നിര്യാതനായത്. അച്ചന്റെ സ്വന്തം ഇടവകയായ മാന്‍വെട്ടം സെന്റ് ജോര്‍ജ് ഇടവകയിലായിരുന്നു കബറടക്കം. ഷിക്കാഗോ രൂപതയുടെ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ്, മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്, മാര്‍ ജേക്കബ് മുരിക്കന്‍ പിതാവ് എന്നിവരുടെ കാര്‍മികത്വത്തില്‍ ഭവനത്തില്‍ ആരംഭിച്ചു മാന്‍വെട്ടം സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്‌ക്കരിച്ചു.

1983ല്‍ വൈദീകപട്ടം സ്വീകരിച്ച സഖറിയാസ് അച്ചന്‍ പാലാ രൂപതയിലെ വടകര കത്തോലിക്കാ പള്ളിയിലും, പാലാ കത്തീഡ്രല്‍ ഇടവകയിലും അസ്‌തേന്തിയായി സേവനം ചെയ്തു. പുതുതായി രൂപംകൊണ്ട നമ്പ്യാകുളം പള്ളിയുടെ വികാരിയായി നിയമിതനായ അദ്ദേഹം അവിടെ പുതിയ പള്ളിയും, കംപ്യൂട്ടര്‍ സെന്ററും പണികഴിപ്പിച്ചു. തുടര്‍ന്നു പാലക്കാട് ചെറുപുഷ്പം പള്ളിയുടെ വികാരിയായി. അവിടെയും പുതിയ പള്ളി പണികഴിപ്പിച്ചു.

ഷിക്കാഗോ രൂപതയുടെ ആരംഭത്തില്‍ തന്നെ അച്ചന്‍ ഇവിടെ എത്തിച്ചേര്‍ന്നു. രൂപതയുടെ ചാന്‍സിലര്‍, സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹം സ്തുത്യര്‍ഹമായ സേവനം ചെയ്തു. അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവിനു അസുഖമായ അവസരത്തില്‍ ഏറ്റവും ശ്രദ്ധയോടെ പിതാവിനെ പരിചരിച്ചു എന്നത് നന്ദിയോടെ അനുസ്മരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഗാര്‍ലന്റ് (ഡാലസ്) ഫൊറോനാ പള്ളിയുടെ വികാരിയായി നിയമിതനായി. അവിടെ വികാരിയായിരിക്കുമ്പോള്‍ രൂപതയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ ഡാലസില്‍ ഗംഭീരമായി നടത്തുകയുണ്ടായി. കോപ്പേല്‍ പള്ളിയുടെ രൂപീകരണത്തിനുള്ള പ്രാരംഭ നടപടികളും തുടങ്ങിവെച്ചു. അവിടെ നിന്ന് കോറല്‍സ്പ്രിംഗിലുള്ള ഫൊറോനാ പള്ളിയിലേക്ക് നിയമിതനായി. പള്ളിയുടേയും മദ്ബഹയുടേയും നവീകരണ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കിയതിനു പുറമെ പാരീഷ് ഹാള്‍ നിര്‍മ്മാണത്തിനുള്ള പ്രാരംഭ നടപടികളും ഫണ്ട് പിരിവും ക്രമീകരിച്ചു. തുടര്‍ന്നു ഹൂസ്റ്റണ്‍ സീറോ മലബാര്‍ സെന്റ് ജോസഫ് ഫൊറോനാ പള്ളിയിലേക്ക് സ്ഥലംമറി. അവിടെ പാരീഷ് ഹാള്‍ പണിയുന്നതിനുള്ള പ്രാരംഭ നടപടികളും, പെയര്‍ലാന്റ് പള്ളിയുടെ പണിക്കുള്ള ഫണ്ട് പിരിവും ഊര്‍ജിതപ്പെടുത്തി.

വി. കുര്‍ബാനയുടെ ആഘോഷപൂര്‍ണമായ അര്‍പ്പണം, കുട്ടികളുടെ വിശ്വാസ പരിശീലനം, യുവജനങ്ങളുടെ രൂപീകരണം, കുടുംബ കൂട്ടായ്മകളുടെ കാര്യക്ഷമത ഇവയിലൊക്കെ അതീവ തത്പരനായിരുന്നു സഖറിയാസച്ചന്‍. അച്ചന്‍ ശുശ്രൂഷ ചെയ്ത ഇടവകകളിലെല്ലാം ഇന്ന് അച്ചനെ സ്‌നേഹിക്കുന്ന ഏറെ പേരുണ്ടെന്നത് ശ്രദ്ധേയമാണ്. അപ്രതീക്ഷിതമായുണ്ടായ ചില പ്രതിസന്ധികളെ ഈശോയുടെ സഹനത്തോടു ചേര്‍ത്തുവെച്ച് സ്വീകരിച്ചു എന്നതും ശ്ശാഘനീയമാണ്. തന്റെ പൗരോഹിത്യ ശുശ്രൂഷയുടെ അവസാനഘട്ടം ഷംസാബാദ് രൂപതിയിലായിരുന്നു. അവിടെ സന്തോഷത്തോടെ ദൈവീക ശുശ്രൂഷ ചെയ്യുമ്പോഴാണ് ബ. സഖറിയാസച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നത്.