മരട് ഫ്‌ളാറ്റ് പൊലിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള നടപടിയെ വിമര്‍ശിച്ച് ജസ്റ്റിസ് കെ.ആര്‍ ഉദയബാനു രംഗത്ത്. ഫ്‌ളാറ്റിലെ വെള്ളവും വെളിച്ചവും ഇല്ലാതാക്കിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഉദയഭാനു ഫേസ്ബുക്കില്‍ കുറിച്ചു. എലികളെ പോലെ മനുഷ്യരെ പുകച്ചു പുറത്ത് ചാടിക്കുന്നത് സര്‍ക്കാരിന് ചേര്‍ന്ന മാന്യതയല്ലെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് അനുകൂലമായ തീരുമാനത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ അതിന് ശ്രമിച്ചില്ലെന്നും. ചീഫ് സെക്രട്ടറിയെ ജയിലിലടച്ചാല്‍ പോലും ബദല്‍ മാര്‍ഗം തേടുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് രാവിലെ നഗരസഭ നാല് ഫ്ളാറ്റുകളിലെയ്ക്കും ഉള്ള വെള്ളവും വൈദ്യുതിയും വിഛേദിച്ചു. രാവിലെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് വൈദ്യുതി കണക്ഷന്‍ വിഛേദിച്ചത്.
വൈദ്യുതി വിച്ഛേദിച്ചതിനു പിന്നാലെ മരടിലെ നാലു ഫ്ളാറ്റുകളിലെയും വെള്ളവും വിച്ഛേദിച്ചു . ഇന്ന് രാവിലെയാണ് ഫ്ളാറ്റുകളിലേക്കുള്ള ജലവിതരണവും നിര്‍ത്തിവച്ചത്. ഈ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഫളാറ്റ് ഉടമകള്‍ പറഞ്ഞു. ഫളാറ്റിനുമുന്നില്‍ ഉടമകള്‍ പ്രതിഷേധം തുടരുകയാണ്.
വൈദ്യുതിക്കും കുടിവെള്ളത്തിനും പിന്നാലെ പാചകവാതക കണക്ഷന്‍ എന്നിവ വിച്ഛേദിക്കാനും തീരുമാനമായിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ താമസക്കാര്‍ പ്രതിഷേധിക്കുമെന്നതിനാല്‍ ഇതിനു മുന്‍പേ ഇവരെ ഇവിടെ നിന്നും ഒഴിപ്പിക്കുന്നതിനായിട്ടാണ് ഇത്തരത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.