ഹൂസ്റ്റണ്‍: ഹൗഡി മോദി പരിപാടിയില്‍ കേരളത്തിന് അഭിമാനമായി മലയാളി സാന്നിധ്യം. ഹൂസ്റ്റണില്‍ നടന്ന പരിപാടിയില്‍ സ്വാഗത ഗാനം ആലപിച്ചത് കുട്ടനാട്ടുകാരി ശ്രദ്ധ മോഹന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദി പങ്കിട്ട സംഗമത്തിലാണ് ശ്രദ്ധ മോഹന്‍ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള സ്വാഗത ഗാനം ആലപിച്ചത്.

നാലുപേരടങ്ങുന്ന ഗായകസംഘത്തിലെ പ്രധാന ഗായികയായിരുന്ന ശ്രദ്ധ കുട്ടനാട് പുളിങ്കുന്ന് സ്വദേശിയാണ്. നാലാം വയസ്സു മുതല്‍ സംഗീതം അഭ്യസിക്കുന്ന ശ്രദ്ധ വിവാഹശേഷമാണ് യുഎസില്‍ താമസമാക്കുന്നത്. അമേരിക്കയില്‍ നിരവധി സംഗീത പരിപാടികളിലും മത്സരങ്ങളിലും വിജയിച്ചാണ് ഹൗഡി മോദി പരിപാടിയിലെത്താന്‍ ശ്രദ്ധയ്ക്ക് അവസരം കിട്ടുന്നത്.

റഷി പട്ടേല്‍ സംഗീതം നിര്‍വഹിച്ച ‘ വി ആര്‍ പ്രൗഡ് ഓഫ് ഹു വി ആര്‍’ എന്ന ഇംഗ്ലീഷ്- ഹിന്ദി ഗാനമാണ് ശ്രദ്ധയും സംഘവും വേദിയില്‍ ആലപിച്ചത്. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്രദ്ധയുടെ സ്വാഗത ഗാനത്തിന് പരിപാടിയില്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു.