ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്ന പിറവം വലിയ പള്ളി ജില്ലാ കളക്ടർ എസ്. സുഹാസ് ഏറ്റെടുത്തു. പള്ളിയിൽ പ്രതിഷേധിച്ച യാക്കോബായ വിഭാഗത്തെ അറസ്റ്റു ചെയ്തു നീക്കിയശേഷമാണ് കളക്ടർ പള്ളി ഏറ്റെടുത്തത്.
പള്ളിയുടെ താക്കോൽ വെള്ളിയാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും കളക്ടർ പറഞ്ഞു. നിയമപരമായ എല്ലാ നടപടികളും ചെയ്തു. കോടതി നിർദേശമനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. ഇന്ന് കോടതി വിധി നടപ്പാക്കാൻ സഹായിച്ച എല്ലാവരോടും കളക്ടർ നന്ദി പറഞ്ഞു.
പള്ളിക്കുള്ളിൽ പ്രതിഷേധിച്ച യാക്കോബായ വിഭാഗത്തെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അറസ്റ്റു ചെയ്തു നീക്കിയത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പിറവം പള്ളിയിലെത്തിയ ഓർത്തഡോക്സ് വിഭാഗത്തിനെതിരെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കോടതി അറസ്റ്റു ചെയ്യാൻ ഉത്തരവിട്ടത്.