മലയാള സിനിമയില്‍ താന്‍ ഏറെ സ്നേഹിക്കുന്ന മഹാനടന്‍ മോഹന്‍ലാല്‍ ചേര്‍ത്തുപിടിച്ചപ്പോള്‍ ഇ.ഗോപാലകൃഷ്ണന്‍ നായരെന്ന ഫിലിം ഓപറേറ്റര്‍ സാക്ഷാത്കരിച്ചത് സ്വപ്‌നസാഫല്യം. ഗോപാലകൃഷ്ണന്റെ വലിയ സ്വപ്നമായിരുന്നു മോഹന്‍ലാലിനെ നേരില്‍ കാണണം എന്നത്. 51 വര്‍ഷമായി ഫിലിം ഓപറേറ്ററായി ജോലി ചെയ്യുകയാണ് ആലപ്പുഴ ചേര്‍ത്തല കുത്തിയതോട് ഗോപാലകൃഷ്ണന്‍.

മോഹന്‍ലാല്‍ നായകനായ ‘ചിത്രം’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമ ഒരു വര്‍ഷത്തിലധികം എറണാകുളം ‘ഷേണായീസി’ല്‍ ഓടിച്ച ഗോപാലകൃഷ്ണന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും ‘ ചിത്രം’ തന്നെ. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനാണ് ഇടപ്പള്ളിയിലെ ഷൂട്ടിംഗ് സൈറ്റില്‍ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. എറണാകുളം സരിത തിയറ്ററില്‍ ജോലി ചെയ്യുന്ന ഗോപാലകൃഷ്ണന്‍ നായര്‍, തന്റെ ഇഷ്ടതാരം മോഹന്‍ലാലാണെന്നും തൊട്ടടുത്തു നിന്നു കാണാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു.

ഗോപാലകൃഷ്ണന്റെ വീട്ടുവിശേഷങ്ങള്‍ മോഹന്‍ലാല്‍ ചോദിച്ചറിഞ്ഞു. ഒരു വര്‍ഷത്തോളം ‘ചിത്രം’ എന്ന സിനിമ ഓടിച്ചതിനെക്കുറിച്ചും പ്രായമായിട്ടും ജോലി ചെയ്യുന്നതിനെപ്പറ്റിയുമൊക്കെ മോഹന്‍ലാല്‍ അന്വേഷിച്ചതായി ഗോപാലകൃഷ്ണന്‍ പറഞ്ഞു.അര മണിക്കൂറോളം ഒരുമിച്ചുണ്ടായിരുന്നു. കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഫോട്ടോയെടുത്തതായും അദ്ദേഹം പറഞ്ഞു.