കൊച്ചി : സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികളെ തുടര്‍ന്ന് മരടിലെ ഫ്ളാറ്റുകളില്‍ നിന്നും ഒഴിയേണ്ടി വരുന്ന കുടുംബങ്ങളെ താമസിപ്പിക്കുന്നതിന് മരട് നഗരസഭയുമായി സഹകരിച്ച്‌ ജില്ലാ ഭരണകൂടം ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ആരും ഭവനരഹിതരായി തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടാകില്ല.

ഫ്ളാറ്റുകളില്‍ താമസിക്കുന്ന പ്രായം ചെന്നവരെയും രോഗികളെയും എത്രയും വേഗം അവിടെ നിന്നും മാറ്റുന്നതിന് ബന്ധുക്കള്‍ സഹകരിക്കണം. വൈദ്യസഹായമടക്കം ആവശ്യമായ എല്ലാ പിന്തുണയും നഗരസഭയും ജില്ലാ ഭരണകൂടവും നല്‍കും. ഫ്ളാറ്റുകളില്‍ നിന്നും ഒഴിയുന്നവരില്‍ പുനരധിവാസം ആവശ്യമുള്ളവര്‍ നഗരസഭാ സെക്രട്ടറിക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കിയാല്‍ ഉടനെ ഇതിനുള്ള നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.