മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ ഓണാഘോഷം ന്യൂസിറ്റി കമ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ അതിമനോഹരമായി കൊണ്ടാടി. ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലി മന്നനേയും വിശിഷ്ടാതിഥികളേയും സ്റ്റേജിലേക്ക് ആനയിച്ചു.

ക്ലാര്‍ക്ക് ടൗണ്‍ സൂപ്പര്‍വൈസര്‍ ജോര്‍ജ് ഹോഫ്മാന്‍  ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകനും കമ്യൂണിറ്റി ലീഡറുമായ പി.റ്റി. തോമസ്, സൂപ്പര്‍വൈസര്‍ ഹോഫ്മാനെ സദസ്യര്‍ക്ക് പരിചയപ്പെടുത്തി.

മാര്‍ക്ക് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ജോസ് അക്കക്കാട്ടില്‍ വിശദീകരിച്ചു. സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഓണസന്ദേശം നല്‍കി. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോയി ഇട്ടന്റെ സാന്നിധ്യവും പ്രത്യേകം ശ്രദ്ധേയമായിരുന്നു.

ഈവര്‍ഷത്തെ മാര്‍ക്ക് കര്‍ഷകശ്രീ അവാര്‍ഡ് സണ്ണി ജയിംസ് നേടി എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കി. രണ്ടാംസ്ഥാനം വര്‍ക്കി പള്ളിത്താഴത്തും, മൂന്നാംസ്ഥാനം സന്തോഷ് വര്‍ഗീസും കരസ്ഥമാക്കി. തോമസ് അലക്‌സ് ആയിരുന്നു കര്‍ഷകശ്രീ അവാര്‍ഡ് ചെയര്‍പേഴ്‌സണ്‍.

തിങ്ങിനിറഞ്ഞ ഓഡിറ്റോറിയത്തിലെ ക്രമീകരണങ്ങള്‍ക്ക് നെവിന്‍ മാത്യുവും, ജീജോ ആന്റണിയും ചുക്കാന്‍പിടിച്ചു. ജൂലിയ, അനാബല്‍, അഞ്ജലി, എലീന, റിയ എന്നിവര്‍ അവതരിപ്പിച്ച നൃത്തങ്ങളും, ജീയാ വില്‍സണ്‍ അക്കക്കാട്ടില്‍, എലീന മാത്യു, നേഹ ജോസഫ്, അനാബല്‍ സാമുവേല്‍ എന്നിവരുടെ ഗാനങ്ങളും, അസോസിയേഷനിലെ കുട്ടികള്‍ അവതരിപ്പിച്ച ഗ്രൂപ്പ് സോങും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

മാര്‍ക്കിന്റെ സ്ഥാപക നേതാവും, പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്, മാര്‍ക്കിന്റെ പ്രാരംഭ കാലം മുതലുള്ള പ്രവര്‍ത്തന മികവിനു അസോസിയേഷന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് അലക്‌സിനെ പ്രസിഡന്റ് ജോസ് അക്കക്കാട്ടിലും, പി.ടി. തോമസും ചേര്‍ന്നു പൊന്നാട അണിയിച്ച് ആദരിച്ചു. സിബി ജോസഫ്, മാത്യു വര്‍ഗീസ്, മഞ്ജു മാത്യു, ജിഷ ജോര്‍ജ് എന്നിവര്‍ എം.സിമാരിയിരുന്നു.

സൗണ്ട് എന്‍ജിനീയര്‍ സന്തോഷ് മണലിന്റെ സൗണ്ട് സിസ്റ്റം പ്രോഗ്രാമിനു മികവ് കൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കിയത് സിത്താര്‍ പാലസ് ആയിരുന്നു. അസോസിയേഷന്‍ ട്രഷറര്‍ വിന്‍സെന്റ് ജോണ്‍ നന്ദി രേഖപ്പെടുത്തി. സെക്രട്ടറി സന്തോഷ് വര്‍ഗീസ് സ്വാഗത പ്രസംഗം നടത്തി.