കൊച്ചി/പിറവം: സുപ്രീം കോടതി വിധി അനുസരിച്ച് ആരാധനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ പക്ഷം തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷഭൂമിയായ പിറവം സെന്റ് മേരീസ് പള്ളി എറണാകുളം ജില്ലാ കലക്ടര്‍ ഏറ്റെടുത്തു. പ്രതിഷേധമുയര്‍ത്തിയ യാക്കോബായ വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി.
ഓര്‍ത്തോഡക്‌സ് വിഭാഗം പ്രവേശിക്കുന്നതിനെതിരെ പള്ളിയില്‍ തമ്ബടിച്ച് പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തു നീക്കാന്‍ രാവിലെ ഹൈക്കോടതി പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് യാക്കോബായക്കാരുടെ എതിര്‍പ്പു മറികടന്ന് പള്ളിയില്‍ പ്രവേശിച്ച പൊലീസ് പ്രതിഷേധമുയര്‍ത്തിയ 67 പേരെ ബലംപ്രയോഗിച്ചു നീക്കി. ഉച്ചയ്ക്കു ശേഷം കോടതി ചേര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചു. നാളെ രാവിലെയ്ക്കകം മുഴുവന്‍ പേരെയും ഒഴിപ്പിക്കാനും ഉച്ചയ്ക്ക് റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടു. പള്ളി കലക്ടര്‍ ഏറ്റെടുക്കാനും കോടതി നിര്‍ദേശിച്ചു.
യാക്കോബായ വിശ്വാസികളുടെ ചെറുത്തുനില്‍പ്പു അവഗണിച്ച് വലിയ പള്ളിയുടെ മുഖ്യ കവാടം പൊളിച്ചുമാറ്റിയാണ് പൊലീസ് അകത്തു കടന്നത്. വലിയ ഉപകരണങ്ങള്‍ എത്തിച്ച് ഗെയ്റ്റിന്റെ അഴികളും പൂട്ടും പൊലീസ് മുറിച്ചുമാറ്റുകയായിരുന്നു. യാക്കോബായ മെത്രാപൊലീത്തമാരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരെ കീഴടക്കി.
നേരത്തെ പള്ളിയില്‍നിന്ന് ഇറങ്ങണമെന്ന പൊലീസ് നിര്‍ദേശം യാക്കോബായ വിഭാഗം തള്ളിയിരുന്നു. സ്വന്തം ഭവനത്തില്‍നിന്ന് ഇറങ്ങിപ്പോവണം എന്നു പറയുന്നതിനു തുല്യമാണ് പിറവം പള്ളിയില്‍നിന്ന് ഇറങ്ങണമെന്ന് യാക്കോബായ വിശ്വാസികളോടു പറയുന്നതെന്ന് സഭാ നേതൃത്വം. വിശ്വാസത്തിന്റെ പേരില്‍ ജയിലില്‍ പോകാനും തയാറാണെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.
സുപ്രീം കോടതി വിധി അനുസരിച്ച് പിറവം സെന്റ് മേരീസ് പള്ളിയില്‍ (വലിയ പള്ളി) ആരാധന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പൊലീസ് സുരക്ഷ തേടിയിരുന്നു. സുരക്ഷ ഒരുക്കാമെന്ന പൊലീസ് ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് സംഘം ഇന്നലെ പള്ളയിിലെത്തിയിരുന്നു. എന്നാല്‍ ശ്രേഷ്ഠ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ വിഭാഗം ചെറുത്തതോടെ ഓര്‍ത്തഡോക്‌സുകാര്‍ക്കു പള്ളയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്.