ന്യൂഡല്‍ഹി: ഓപ്പണിങ് ബാറ്റ്സ്മാനായി കളിക്കാന്‍ താന്‍ ടീം അധികൃതരോട് യാചിച്ചിരുന്ന കാലമുണ്ടായിരുന്നെന്ന് ബാറ്റിങ് ഇതിഹാസം സചിന്‍ തെണ്ടുല്‍ക്കര്‍. സമൂഹമാധ്യമ വെബ്സൈറ്റായ ലിങ്ക്ഡ് ഇന്നില്‍ വീഡിയോ പങ്കുവെച്ചാണ് സചിന്‍ പഴയകാല അനുഭവം ഓര്‍ത്തെടുത്തത്.

1994ല്‍ ന്യൂസിലാന്‍ഡിനെതിരെ ഓക് ലന്‍ഡില്‍ നടന്ന ഏകദിന മത്സരത്തിലായിരുന്നു അത്. തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കുന്ന രീതിയായിരുന്നു അന്ന് എല്ലാ ടീമുകളും പ്രയോഗിച്ചിരുന്നത്. എന്നാല്‍, ആക്രമിച്ച്‌ മുന്നേറി കളിക്കുകയായിരുന്നു തന്‍റെ രീതി.

ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനായി അനുവദിക്കണമെന്ന് താന്‍ അപേക്ഷിച്ചു. പരാജയപ്പെടുകയാണെങ്കില്‍ പിന്നീട് ഈ ആവശ്യവുമായി വരില്ലെന്നും താന്‍ പറഞ്ഞു. അങ്ങനെ ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ 49 പന്തില്‍ നിന്ന് 82 റണ്‍സ് അടിച്ചെടുത്തു. പിന്നീട് തനിക്ക് യാചിക്കേണ്ടി വന്നില്ല -സചിന്‍ പറയുന്നു.

പരാജയം നേരിടുമോയെന്ന് ഭയന്ന് പിന്മാറരുതെന്ന് ആരാധകരെ ഉപദേശിച്ചുകൊണ്ടാണ് സചിന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഓപ്പണറായി ഇറങ്ങിയ ആദ്യ അഞ്ച് മത്സരങ്ങളില്‍ 82, 63, 40, 63, 73 എന്നിങ്ങനെയായിരുന്നു സചിന്‍റെ പ്രകടനം.

ഏകദിനത്തില്‍ 49 സെഞ്ച്വറി പൂര്‍ത്തിയാക്കിയ സചിന് പക്ഷേ തന്‍റെ ആദ്യ സെഞ്ച്വറി നേടാന്‍ അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നിരുന്നു. 1994ല്‍ ഓസ്ട്രേലിയക്കെതിരെയാണ് സചിന്‍ തന്‍റെ ആദ്യ ഏകദിന സെഞ്ച്വറി നേടുന്നത്.

463 ഏകദിനങ്ങളില്‍ നിന്ന് 18,426 റണ്‍സെടുത്ത് എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരനായാണ് സചിന്‍ ക്രിക്കറ്റിനോട് വിടപറഞ്ഞത്.