താമസക്കാരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി മരടിലെ നാല് ഫ്ലാറ്റുകളിലെ വൈദ്യുതി കെഎസ്ഇബി വിഛേദിച്ചു. മരടിലെയും സമീപ പ്രദേശങ്ങളിലെയും കെഎസ്ഇബി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു രഹസ്യ ഓപ്പറേഷനായിരുന്നു കെഎസ്ഇബി നടത്തിയത്. പുലർച്ചെ അഞ്ച് മണിയോടെ എത്തിയാണ് ഫ്ലാറ്റുകളിലെ വൈദ്യുതിബന്ധം വിഛേദിച്ചത്. നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ഒരേ സമയത്താണ് വിഛേദിച്ചത്. കനത്ത പൊലീസ് സുരക്ഷ ഒരുക്കിയാണ് കെഎസ്ഇബിയുടെ നടപടി. വൈദ്യുതി വിഛേദിച്ചതില്‍ പ്രതിഷേധിച്ച് ഫ്ലാറ്റ് ഉടമകൾ പ്രതിഷേധം ആരംഭിച്ചു.

അതിക്രൂരമായ നടപടിയാണിതെന്ന് ഫ്ലാറ്റ് ഉടമകൾ പറഞ്ഞു. എല്ലാത്തരത്തിലും മനുഷ്യത്തരഹിതമായ നടപടിയാണ് സർക്കാർ തങ്ങൾക്കെതിരെ എടുത്തിരിക്കുന്നത്. പ്രാഥമിക ആവശ്യങ്ങളായ കുടിവെള്ളം, പാചകവാതക കണക്ഷനുകളും വേണം. ഞങ്ങളും ഇന്ത്യൻ പൗരൻമാരാണ്, മനുഷ്യരാണ്. ഇത്രയും ക്രൂരത കാണിക്കാൻ എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തത്. ഞങ്ങൾക്ക് നീതി വേണമെന്നും ഫ്ലാറ്റ് ഉടമകൾ പറയുന്നു.

നാളെയോടെ കുടിവെള്ളം, പാചകവാതക കണക്ഷനുകളും വിഛേദിക്കണമെന്നാണ് നഗരസഭ വിവിധ വകുപ്പുകളോട നിര്‍ദേശിച്ചിരിക്കുന്നത്. എന്നാൽ, എന്ത് വൈദ്യുതിയും വെള്ളവും ​​ഗ്യാസ് കണക്ഷനും ഇല്ലെങ്കിലും ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞുപോകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉടമകൾ. നാളെ സുപ്രീം കോടതി മരട് ഫ്ലാറ്റ് വിഷയം വീണ്ടും പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്‍റെയും മരട് നഗരസഭയുടെയും അതിവേഗ നീക്കങ്ങൾ. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ വൈകുന്നതിൽ സുപ്രീംകോടതിയിൽ നിന്ന് രൂക്ഷ വിമർശനമാണ് സർക്കാരിന് നേരിടേണ്ടി വന്നത്.

ഘട്ടം ഘട്ടമായുള്ള നടപടികളിലൂടെ ഫ്ലാറ്റുടമകളുടെ ചെറുത്തുനിൽപ്പിനെ തടയിടാമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. അതിന്‍റെ ആദ്യ പടിയെന്നോണമാണ് വൈദ്യുതി കണക്ഷൻ വിഛേദിച്ചത്. കെഎസ്ഇബി ജീവനക്കാർ എത്തി വൈദ്യുതി വിഛേദിക്കുമെന്ന് കാട്ടി ഇന്നലെ ഫ്ലാറ്റുകളിൽ നോട്ടീസ് പതിപ്പിച്ചിരുന്നു. ജല അതോറിറ്റിയും ഗ്യാസ് ഏജൻസികളും കണക്ഷൻ വിഛേദിക്കാനുള്ള നടപടികളും ഇന്ന് ആരംഭിക്കും. അതേസമയം നഗരസഭയുടെ നീക്കങ്ങളിൽ ഭയപ്പെടില്ലെന്നും എന്ത് തന്നെ വന്നാലും ഫ്ലാറ്റുകളിൽ നിന്ന് താമസം മാറില്ലെന്നുമാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ചുമതലയുള്ള മരട് നഗരസഭ സെക്രട്ടറിയും ഫോർട്ട് കൊച്ചി സബ് കളക്റ്ററുമായ സ്നേഹിൽ കുമാർ സിം​ഗ് ഇന്ന് മരടിലെ ഫ്ലാറ്റുകളിലെത്തി സ്ഥിതിഗതികൾ വിലയിരുത്താനും സാധ്യതയുണ്ട്. അതേസമയം വിദേശത്തുള്ള ചില ഉടമകൾ കൂടി മരടിലെ ഫ്ലാറ്റുകളിൽ ഇന്ന് എത്തിചേരും. തുടർന്ന് ഭാവി പരിപാടികൾ തീരുമാനിക്കാൻ അടിയന്തര യോഗം ചേരാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.