ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ അമിതാഭ് ബച്ചന് അഭിനന്ദനവുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. ബച്ചനുമൊത്ത് ഒട്ടേറെ പരസ്യചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മ പങ്കുവച്ച പ്രിയദര്‍ശന്‍ അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യുക, ഇനിയും പൂര്‍ത്തീകരിക്കാത്ത തന്റെ സ്വപ്‌നമാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ സംവിധാനത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച ഒരു പരസ്യചിത്രവും പ്രിയന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

‘ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ അമിതാഭ്ജിക്ക് അഭിനന്ദനങ്ങള്‍. നാല്‍പ്പതിലേറെ പരസ്യചിത്രങ്ങളില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയും പൂര്‍ത്തീകരിക്കാത്ത രണ്ട് സ്വപ്‌നങ്ങളാണ് എനിക്ക് ജീവിതത്തിലുള്ളത്. അമിതാഭ്ജിക്കൊപ്പം ഒരു സിനിമയാണ് അതിലൊന്ന്. എം ടി വാസുദേവന്‍ സാറിന്റെ തിരക്കഥയില്‍ മറ്റൊരു സിനിമ സംവിധാനം ചെയ്യുകയാണ് രണ്ടാമത്തേത്. ഈ സ്വപ്‌നങ്ങള്‍ ഏറെ വൈകാതെ യാഥാര്‍ഥ്യമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ക്കൂടി അമിതാഭ്ജിക്ക് എന്റെ എല്ലാ ആശംസകളും’, പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം മോഹന്‍ലാല്‍ നായകനാവുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’മാണ് പ്രിയദര്‍ശന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം. കഴിഞ്ഞദിവസം മോഹന്‍ലാല്‍ ചിത്രങ്ങളുടെ വിജയാഘോഷവേദിയായ ‘ആശീര്‍വാദത്തോടെ ലാലേട്ടനി’ല്‍ ചിത്രത്തിലെ ചില രംഗങ്ങള്‍ പ്രിയന്‍ പുറത്തുവിട്ടിരുന്നു. സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയിലടക്കം ആവേശത്തോടെയാണ് ഈ ദൃശ്യങ്ങള്‍ സ്വീകരിച്ചത്. മലയാളത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.