ന്യൂഡല്‍ഹി: തനിക്കെതിരായ സഹകരണ ബാങ്ക് അഴിമതിക്കേസില്‍ പ്രതികരണവുമായി എന്‍സിപി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ എടുത്ത കേസില്‍ ഭയമേതുമില്ലെന്ന് ശരത് പവാര്‍.
ഇഡിയുടെ അന്വേഷണവുമായി സഹകരിക്കുമെന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു.
അംബേദ്കറുടെ ഭരണഘടനയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, അന്വേഷണത്തില്‍ കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ ജയിലില്‍ പോകാനും മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതുവരെ അഴിമതി കേസിന്റെ പേരില്‍ ജയിലില്‍ കിടന്ന് അനുഭവമില്ലെന്നും ആരെങ്കിലും തന്നെ ജയിലിലേക്ക് അയക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പവാര്‍ പ്രതിരിച്ചിരുന്നു.
തിങ്കളാഴ്ചയാണ് ഇഡി പവാറിനും മരുമകനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മഹാരാഷ്ട്ര സഹകരണ ബാങ്കിലെ 25,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് പവാറിനും, മരുമകനും മുന്‍ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിനുമെതിരെ കേസെ ടുത്തിരിക്കുന്നത്.