ചേര്‍ത്തല: അടൂര്‍ പ്രകാശിനെ കുലംകുത്തിയെന്ന് വിളിച്ച്‌ അധിക്ഷേപിച്ച്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോന്നി സീറ്റിലെ സ്ഥാനാര്‍ത്ഥി വിഷയത്തിലാണ് അടൂര്‍ പ്രകാശിനെതിരെ വെള്ളാപ്പള്ളി ഇടഞ്ഞത്.

മതാധിപത്യം വളര്‍ത്തുന്ന അടൂര്‍ പ്രകാശിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്ററിന്റെ പേരാണ് അടൂര്‍ പ്രകാശ് നിര്‍ദേശിച്ചത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാകട്ടെ ഈ പേര് തള്ളുകയും ഈഴവ സ്ഥാനാര്‍ഥി വേണമെന്ന നിലപാടിലുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അടൂര്‍ പ്രകാശ് കുലംകുത്തിയും കപട മതേതരവാദിയുമാണ്. സ്വന്തം കാര്യം വരുമ്ബോള്‍ മതേതരത്വം മടിയില്‍വെക്കുന്ന ആളാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഭൂരിപക്ഷ സമുദായത്തിന് ഇടം നല്‍കാത്തത് ജനാധിപത്യമല്ല. അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു