കന്നഡത്തിലെ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിനായി വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. റോക്കിങ് സൂപ്പര്‍സ്റ്റാര്‍ യഷ് നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണയും വലിയ ബഡ്ജറ്റില്‍ തന്നെയാണ് സിനിമ അണിയിച്ചൊരുക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ വമ്ബന്‍ താരനിരയാണ് അണിനിരക്കുന്നത്.

കെജിഎഫ് രണ്ടാം ഭാഗത്തില്‍ വില്ലനായി എത്തുന്നത് സഞ്ജയ് ദത്താണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അധീര എന്ന വില്ലന്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം എത്തുന്നത്. കെജിഎഫ് 2വിന്റെ സെറ്റില്‍ സഞ്ജയ് ദത്ത് ജോയിന്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംവിധായകന്‍ പ്രശാന്ത് നീല്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

കെജിഎഫ് സെറ്റില്‍ നിന്നുളള ലൊക്കേഷന്‍ ചിത്രങ്ങളും സംവിധായകന്‍ പങ്കുവെച്ചിരുന്നു. ശ്രീനിധി ഷെട്ടിയാണ് ഇത്തവണയും സിനിമയില്‍ നായികയായി എത്തുന്നത്. 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ 2020 ജൂലായില്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് അറിയുന്നു. കന്നഡ പതിപ്പിന് പുറമെ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും കെജിഎഫിന്റെ രണ്ടാം ഭാഗം എത്തുന്നുണ്ട്.