കോഴിക്കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എം.സി. ഖമറുദ്ദീനെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് കാസര്‍കോട് ജില്ല പ്രസിഡന്റാണ് ഖമറുദ്ദീന്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
നിയമസഭയിലേക്ക് ആദ്യമായാണ് എം.സി. ഖമറുദ്ദീന് മത്സരിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കാണ് തെരഞ്ഞെടുപ്പ് ചുമതല.
മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ലീഗില്‍ തര്‍ക്കമുണ്ടായിരുന്നു. സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലിയുടെ പേരും സ്ഥാനാര്‍ഥിയായി പരിഗണനയിലുണ്ടായിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നും മണ്ഡലത്തിന് പുറത്തുള്ളവര്‍ വേണ്ടെന്നുമുള്ള യൂത്ത് ലീഗ് നിലപാടാണ് തര്‍ക്കത്തിനിടയാക്കിയത്. ഇവര്‍ ഇന്നലെ പാണക്കാട്ടെത്തി പ്രതിഷേധിച്ചത് നേരിയ ബഹളത്തിനിടയാക്കിയിരുന്നു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അശ്റഫിനെ പരിഗണിക്കണമെന്നായിരുന്നു ഒരു വിഭാഗത്തിെന്റ ആവശ്യം. മണ്ഡലത്തില്‍ നിന്നുള്ളയാളാണ് അശ്റഫ്. ഇവിടെ സ്വാധീനമുള്ള ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സമ്മതനുമാണെന്ന് അവര്‍ പറയുന്നു. കഴിഞ്ഞതവണ 89 വോട്ടിനാണ് അബ്ദുറസാഖ് ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെ തോല്പിച്ചത്. അതിനാല്‍ പുറത്തുനിന്നുള്ളയാള്‍ മത്സരിച്ചിട്ട് കാര്യമില്ലെന്ന നിലപാടാണിവര്‍ക്ക്. അശ്റഫിനുവേണ്ടി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പരസ്യമായി നിലകൊണ്ടതാണ് ഇന്നലെ നടന്ന യോഗത്തില്‍ തീരുമാനമാവാതിരിക്കാന്‍ കാരണം.