ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ തനിക്കും മരുമകനുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി എന്‍സിപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് പവാര്‍. കേസ് രജിസ്റ്റര്‍ ചെയ്തതില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ ജയിലില്‍ പോകാനും മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ അഴിമതി കേസിന്റെ പേരില്‍ ജയിലില്‍ കിടന്ന് അനുഭവമില്ല. ആരെങ്കിലും തന്നെ ജയിലിലേക്ക് അയക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു- പവാര്‍ കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ചയാണ് ഇഡി പവാറിനും മരുമകനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മഹാരാഷ്ട്ര സഹകരണ ബാങ്കിലെ 25,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് പവാറിനും, മരുമകനും മുന്‍ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിനുമെതിരെ കേസെടുത്തിരിക്കുന്നത്.
സഹകരണ ബാങ്ക് അഴിമതിക്കേസില്‍ പോലീസ് നല്കിയ എഫ്ഐആറില്‍ പവാറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം പ്രതിയായിരുന്നില്ല. അനധികൃതമായി വായ്പ അനുവദിച്ച് 25, 000 കോടിയുടെ അഴിമതി നടത്തിയതായാണ് ഇഡിയുടെ കേസ്. 2007- 2011 കാലത്ത് ബാങ്കിന് 1000 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍.
പ്രാഥമിക അന്വേഷണമോ പരിശോധനയോ നടത്താതെയാണ് പല വായ്പകളും ബാങ്ക് അനുവദിച്ചത്. വന്‍ തുകയുടെ വായ്പകള്‍ പലതും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ക്കാണ് കിട്ടിയതെന്നും പറയുന്നു.