കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ സൂരജിനെ ഇന്ന് വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുന്നത്.അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കില്ലെന്ന രീതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ പുതുക്കി നല്‍കും.
മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ മാധ്യമങ്ങളോടും കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും വെളുപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തിലാണ് ടി.ഒ സൂരജിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നത് . ഇക്കാര്യം ആവശ്യപ്പെട്ട് അന്വോഷണ ഉദ്യോഗസ്ഥന്‍ മുവാറ്റുപുഴ വിലിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ അനുവദിച്ച കോടതി ഇന്ന് രാവിലെ 10 മുതല്‍ ഒരു മണി വരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥന് അനുമതി നല്‍കിയത്. ടി ഒ സുരജ് അടക്കമുള്ള നാല് പ്രതികളാണ് നിലവില്‍ റിമാന്‍ഡിലുള്ളത്. ഇതില്‍ സുരജിനെ മാത്രമാണ് ചോദ്യം ചെയ്യാന്‍ വിജിലന്‍സ് അപേക്ഷ നല്‍കിയത്. നേരത്തെ നാല് ദിവസത്തെ കസ്റ്റഡിയില്‍ പ്രതികളെ ചോദ്യം ചെയ്തിരുന്നു.

ജാമ്യാപേക്ഷയില്‍ ടി.ഒ സൂരജ് മുന്‍ മന്ത്രിക്കെതിരെ ഉന്നയിച്ച വാദങ്ങള്‍ തളളിയാണ് വിജിലന്‍സ് ഇന്നലെ ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ഇടപെടല്‍ പരിശോധിച്ച്‌ വരുകയാണെന്നുമാണ് വിജിലന്‍സ് അറിയിച്ചത്. എന്നാല്‍ സൂരജിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്.