മത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനും മത സ്ഥാപനങ്ങൾ നിലനിർത്തുന്നതിനും ട്രംപ് 25 മില്യൺ ഡോളറിന്‍റെ സഹായം അനുവദിച്ചു. ആഗോളതലത്തിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ അണിനിരക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് ട്രംപ് അഭ്യർഥിച്ചു.

തിങ്കളാഴ്ച ആരംഭിച്ച യുഎൻ സമ്മേളനത്തിൽ പ്രത്യേകം വിളിച്ചു ചേർത്ത യോഗത്തിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്, വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യുഎന്നിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് അമേരിക്ക മുൻകൈയെടുത്തു പ്രത്യേക യോഗം വിളിച്ചുചേർത്തത്. സ്വകാര്യ മേഖലയിലും ജോലി സ്ഥലങ്ങളിലും ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണമെന്നും ട്രംപ് നിർദ്ദേശിച്ചു.

ശ്രീലങ്കൻ പള്ളിയിൽ നടന്ന ആക്രമണം, ഫ്രാൻസിൽ 85 കാരനായ വൈദികന്‍റെ കൊലപാതകം, പെൻസിൽവാനിയ സിനഗോഗ് ആക്രമണം, ന്യൂസിലൻഡ് ക്രൈസ്റ്റ് ചർച്ചില്‍ നടന്ന അക്രമണം ഇതെല്ലാം മനുഷ്യത്വത്തിനെതിരെ നടത്തുന്ന ഭീകരാക്രമണമാണെന്ന് ട്രംപ് വിശദികരിച്ചു. അമേരിക്ക എന്നും വിശ്വാസികൾക്കൊപ്പമാണെന്നും ട്രംപ് പറഞ്ഞു.