അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള നീക്കങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിട്ട് ഡെമോക്രാറ്റിക് പാർട്ടി. മുൻ വൈസ്പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥികളിലൊരാളുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ യുക്രെയിൻ പ്രസിഡന്റിനുമേൽ ട്രംപ് സമ്മർദ്ദം ചെലുത്തിയെന്നാണ് ഡെമോക്രാറ്റുകളുടെ ആരോപണം.
ഡെമോക്രാറ്റിക് നേതാവും ഹൗസ് ഓഫ് റപ്രസെന്റേറ്റീവ് സ്പീക്കറുമായ നാൻസി പെലോസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപ് ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചെന്നും ഇംപീച്ച്മെന്റ് നടപടികൾക്ക് തുടക്കമിടുകയാണെന്നും അവർ പറഞ്ഞു. പ്രസിഡന്റാണെങ്കിലും അദ്ദേഹവും രാജ്യത്തെ നിയമങ്ങൾക്ക് വിധേയനാണെന്നും പരിശോധനകൾക്ക് വിധേയനാകേണ്ടി വരുമെന്നും പെലോസി വ്യക്തമാക്കി.
ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ യുക്രെയിൻ പ്രസിഡന്റ് വ്ലോദിമെർ സെലെൻസ്കിക്കുമേൽ ട്രംപ് നിരന്തരം സമ്മർദം ചെലുത്തിയെന്ന വെളിപ്പെടുത്തലിന്മേലാണ് ഇംപീച്ച്മെന്റിലേക്കു തന്നെ നീങ്ങാൻ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം തീരുമാനിച്ചത്. അതിനുശേഷം സെലെൻസ്കിയെ ഫോണിൽ വിളിച്ച് ട്രംപ് ഈ ആവശ്യമുന്നയിച്ചെന്ന് ഒരു വിസിൽബ്ലോവറാണ് ആദ്യം വെളിപ്പെടുത്തിയത്.
ട്രംപിന്റെ വിശ്വസ്തനും ന്യൂയോർക്ക് മുൻ മേയറുമായ റൂഡി ജൂലിയാനിയെ ഉപയോഗിച്ചും ട്രംപ് യുക്രെയിനോട് അന്വേഷണ സാധ്യതകളേക്കുറിച്ച് ആരാഞ്ഞിരുന്നുവെന്നാണ് വിവരം. ജൂലിയാനിയോട് സഹകരിക്കണമെന്ന് ട്രംപ് എട്ടു തവണയാണ് സെലെൻസ്കിയോട് ആവശ്യപ്പെട്ടതെന്നാണ് പുറത്തു വരുന്ന വിവരം.
രഹസ്യാന്വേഷണ വിഭാഗം ഇൻസ്പെക്ടർ ജനറൽ മെക്കിൽ അക്കിംസണ് ലഭിച്ച പരാതി ഇന്റലിജന്റ്സ് വിഭാഗത്തിനു കൈമാറിയതോടെയാണ് ട്രംപിനെതിരായ പടനീക്കം ഡെമോക്രാറ്റുകൾ തുടങ്ങിവച്ചത്. എന്നാൽ, ഇംപീച്ച്മെന്റിലേക്കാണ് നീങ്ങുന്നത് എന്ന വിവരം പിന്നീടാണ് പുറത്തുവന്നത്.
രാഷ്ട്രീയ ലാഭത്തിനായി വിദേശ നയത്തെ ചൂഷണം ചെയ്യുന്നതും രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ മറ്റു രാജ്യങ്ങളെ ഇടപെടുത്തുന്നതും ഭരണഘടനാ ലംഘനവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് ഡെമോക്രാറ്റിക് നേതൃത്വം വിലയിരുത്തുന്നുവെന്നും നാൻസി പെലോസ്കി പറഞ്ഞു.
ഇംപീച്ച്മെന്റ് നടപടികളുമായി ഡെമോക്രാറ്റുകൾ മുന്നോട്ട് പോകുന്നത് 2020ലെ ട്രംപിന്റെ സ്ഥാനാർഥിത്വത്തിന് തിരിച്ചടിയാകുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.