തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാനുള്ള തിരക്കിലാണ് മുന്നണികള്‍. സ്ഥാനമോഹവുമായി മുതിര്‍ന്ന നേതാക്കള്‍ എത്തിയതും പലയിടത്തും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് വിജയസാധ്യതയ്ക്ക് മാത്രമാണ് മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

യുവാക്കളോ സ്ത്രീകളോ ആരായാലും വിജയസാധ്യത കണക്കിലെടുത്തായിരിക്കും സ്ഥാനാര്‍ഥിയാക്കുകയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ‘സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യതയ്ക്കാണ് മുഖ്യപരിഗണന. സ്ത്രീകളും യുവാക്കളും പരിഗണനയിലുണ്ടാകും. എന്നാല്‍ വിജയ സാധ്യത ആര്‍ക്കാണോ അവരെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുക’ മുല്ലപ്പള്ളി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസിലെ പല നേതാക്കളും സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പ്പര്യമുണ്ടെന്ന് പരസ്യമായി പ്രതികരിച്ചിരുന്നു. വട്ടിയൂര്‍ക്കാവിലും എറണാകുളത്തുമാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ രംഗത്തെത്തിയത്. എന്നാല്‍ നിലവിലെ എംപിമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുടെ അഭിപ്രായങ്ങളും സ്വരൂപിച്ചാകും സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.