ഹൈദരാബാദ്: ലോകചാമ്ബ്യന്‍ പി.വി.സിന്ധുവിന് ലോകചാമ്ബ്യന്‍ഷിപ്പിനുശേഷം തിരിച്ചടികള്‍ തുടരുന്നു. ചൈന ഓപ്പണിന്റെപ്രീക്വാര്‍ട്ടറില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന സിന്ധുവിന് ഇനി മുതല്‍ ദക്ഷിണ കൊറിയന്‍ പരിശീലക കിം ജി ഹ്യുന്നിന്റെ സേവനം ലഭിക്കില്ല. ഭര്‍ത്താവിന്റെ ചികിത്സാര്‍ഥം കിം ന്യൂസീലന്‍ഡിലേയ്ക്ക് പോവുകയാണ്. ചുരുങ്ങിയത് ആറു മാസമെങ്കിലും കിമ്മിന് അവിടെ കഴിയേണ്ടിവരുമെന്നാണ് അറിയുന്നത്. എന്നാല്‍, ഇനി ഇന്ത്യയിലേയ്ക്ക് തിരിച്ചുവരാനാവുമോ എന്ന കാര്യം ഉറപ്പില്ലെന്ന് കിം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പക്ഷാഘാതം വന്ന ഭര്‍ത്താവിന് അടിയന്തിരമായി ഒരു ശസ്ത്രക്രിയക്ക് വിധേയനാകേണ്ടതുണ്ട്.

കഴിഞ്ഞ അഞ്ചുമാസമായി സിന്ധുവിനൊപ്പമുണ്ട് ഹിരോഷിമ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുള്ള കിം. നേരത്തെ ദക്ഷിണ കൊറിയന്‍ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ ദക്ഷിണ കൊറിയന്‍ ടീമിന്റെ മോശപ്പെട്ട പ്രകടനത്തെ തുടര്‍ന്ന് കിമ്മിന് സ്ഥാനം തെറിക്കുകയായിരുന്നു. ഇതിനുശേഷമാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ പി.ഗോപിചന്ദ് സിന്ധുവിനുവേണ്ടി കിമ്മിനെ ഇന്ത്യയിലേയക്ക്കൊണ്ടുവന്നത്. കിമ്മിന്റെ വ്യക്തിപരമായ ശ്രദ്ധ ലഭിച്ചതോടെ സിന്ധുവിന്റെ കളിയില്‍ കാര്യമായ പുരോഗതി ദൃശ്യമായിരുന്നു.

ലോകചാമ്ബ്യന്‍ഷിപ്പില്‍ രണ്ടു തവണയും ഒളിമ്ബിക്‌സില്‍ ഒരു തവണയും ഫൈനലില്‍ അടിയറവു പറഞ്ഞ സിന്ധുവിനെ ലോകചാമ്ബ്യനാക്കിമാറ്റിയതില്‍ കിം വഹിച്ച പങ്ക് ചെറുതായിരുന്നില്ല. ലോകകിരീടം ചൂടിയശേഷം സിന്ധു ആദ്യം നന്ദി പറഞ്ഞതും മുന്‍ ജൂനിയര്‍ ലോകചാമ്ബ്യന്‍ കൂടിയായ കിമ്മിനോടായിരുന്നു.

കിം മടങ്ങിയതോടെ ദേശീയ പരിശീലകന്‍ പി.ഗോപിചന്ദിന്റെ ജോലിഭാരം ഇരട്ടിച്ചിരിക്കുകയാണ്. ഇത് പതിനൊന്ന് മാസം മാത്രം അകലെയുള്ള ടോക്യോ ഒളിമ്ബിക്‌സിലെ ഇന്ത്യയുടെ സാധ്യതകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.കിമ്മിന്റെ നിലവാരത്തിലുള്ളപകരക്കാരിയെ കണ്ടെത്തുക എളുപ്പമല്ലെന്ന് ഗോപിചന്ദ് പറഞ്ഞു.

നേരത്തെ വിഖ്യാത ഇന്‍ഡോനീഷ്യന്‍ പരിശീലകന്‍ മുല്‍യോ ഹാന്‍ഡോയോ ഇതുപോലെ 2017ല്‍ അപ്രതീക്ഷിതമായി പരിശീലകസ്ഥാനം രാജിവച്ച്‌ സിംഗപ്പൂര്‍ ടീമിന്റെ പരിശീലകനായിുന്നു. ഈ വര്‍ഷം ആദ്യമാണ് മലേഷ്യക്കാരനായ ടാന്‍ കിം ഇന്ത്യയുടെ ഡബിള്‍സ് ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞത്. തന്റെ കരാര്‍ കാലാവധി തീരാന്‍ 18 മാസം ബാക്കിയുള്ളപ്പോഴായിരുന്നു ടാന്‍ കിമ്മിന്റെ രാജി.