തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്ന പാലാരിവട്ടം പുട്ടിന്റെയും മരട് ദോശയുടേയും പിന്നില്‍ പ്രവര്‍ത്തിച്ചവരെ തേടിയുള്ള അലച്ചിലിലായിരുന്നു മലയാളികള്‍ കഴിഞ്ഞദിവസം. ഒടുവില്‍ കേരളത്തെ ഒന്നടങ്കം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ആ പരസ്യത്തിന് പിന്നിലെ തലകളെ കണ്ടെത്തിയിരിക്കുകയാണ്.

കോഴിക്കോട്ടുള്ള വിവിഇക്യു ഡിസൈന്‍സ് എന്ന പരസ്യ സ്ഥാപനമാണ് വൈറലായ ഈ പരസ്യം നിര്‍മ്മിച്ചത്. തലശ്ശേരിയിലെ ലാഫെയര്‍ ഹോട്ടലിന് വേണ്ടിയാണ് പരസ്യം നിര്‍മ്മിച്ചത്. വിവിഇക്യുവിലെ കോപ്പി റൈറ്ററായ മനു ഗോപാലിന്റേതാണ് ഇതിന് പിന്നിലെ തല.

ബ്രാന്‍ഡിംങ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഏത് അറ്റംവരെയും പോവാമെന്ന് ലാഫെയര്‍ ഹോട്ടല്‍ അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പാലാരിവട്ടം ഫ്‌ലൈഓവര്‍ അഴിമതിയെയും മരട് ഫ്‌ലാറ്റ് പൊളിക്കലിനെയും ട്രോള്‍ രൂപത്തിലാക്കി ഹോട്ടലിന് വേണ്ടി പരസ്യമാക്കിയതെന്ന് വിവിഇക്യു സഹസ്ഥാപക രനീത രവീന്ദ്രന്‍ പറയുന്നു.

സമകാലിക വിഷയങ്ങളില്‍ നര്‍മ്മം കലര്‍ത്തിയുള്ള പരസ്യങ്ങള്‍ ഇതിനു മുന്‍പും പല സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും വിവിഇക്യു ഡിസൈന്‍സ് ചെയ്തിട്ടുണ്ട്. എന്നാല്‍ തൊട്ടാല്‍പൊളിയുന്ന കണ്‍സ്ട്രക്ഷനിലുള്ള പാലാരിവട്ടം പുട്ടിന്റെയും മരട് നെയ്‌റോസ്റ്റിന്റെയും പരസ്യം പ്രതീക്ഷിച്ചതിലും അപ്പുറത്തേക്കായിരുന്നു എത്തിയത്.