കൈറോ: അള്‍ജീരിയയിലെ ശിശുരോഗ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ഏട്ടോളം നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്വകാര്യആശുപത്രിയിലുണ്ടായ അഗ്നിബാധയിലാണ് കുട്ടികള്‍ മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് തീപടര്‍ന്നത്.

അള്‍ജീരിയന്‍ സിവില്‍ ഡിഫന്‍സ് 76 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 11 പേര്‍ നവജാതശിശുക്കളാണ്. 37 പേര്‍ സ്ത്രീകളും 28 പേര്‍ ആശുപത്രി ജീവനക്കാരുമാണ്. കൊതുകിനെ തുരത്താനുപയോഗിച്ച വസ്തുവില്‍നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അള്‍ജീരിയയിലെ ആരോഗ്യമന്ത്രി മുഹമ്മദ് മിറോയ് വ്യക്തമാക്കി.

സംഭവത്തില്‍ അന്വേഷണത്തിന് പ്രധാനമന്ത്രി ഉത്തരവിട്ടതയാണ് റിപ്പോര്‍ട്ട്. ഇത് രണ്ടാം തവണയാണ് നഗരത്തില്‍ 18 മാസത്തിനിടയില്‍ കുട്ടികള്‍ക്കായുള്ള ആശുപത്രിയില്‍ അഗ്നിബാധയുണ്ടാകുന്നത്. 2018 മെയ്യില്‍ അഗ്നിബാധയുണ്ടായെങ്കിലും കെട്ടിടത്തിന് തകരാറ് സംഭവിച്ചതല്ലാതെ ആളപായമുണ്ടായിരുന്നില്ല.