ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ ട്രോള്‍വഴിയുള്ള വ്യക്തിഹത്യ തടയണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം തടയാനാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഓണ്‍ലെെനില്‍ വ്യക്തിഹത്യ അനുവദിക്കരുതെന്നും ഇത് തടയാനുള്ള വഴികള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന ഹര്‍ജിയിലാണ് നടപടി.

പല സന്ദേശങ്ങളുടെയും ഉറവിടം കണ്ടു പിടിക്കാന്‍ ചില സോഷ്യല്‍മീഡിയകള്‍ക്ക് കഴിയാത്തതില്‍ ജസ്റ്റിസ് ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് കടുത്ത ആശങ്ക രേഖപ്പെടുത്തി. സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് സുപ്രീംകോടതി ഇടപെടല്‍. ഇതിനായി മൂന്നാഴ്ചയ്ക്കകം മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.

സോഷ്യല്‍മീഡിയകളില്‍ അക്കൗണ്ട് ആരംഭിക്കാന്‍ ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ വേണമെന്ന് വ്യവസ്ഥ ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്ന് ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ഫേസ്ബുക്ക് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, നയരൂപീകരണത്തില്‍ നേരിട്ട് ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.

ആധാറും സമൂഹമാദ്ധ്യമങ്ങളും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിനു സമയം അനുവദിക്കാമെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാതെയാണു സമൂഹമാദ്ധ്യമങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.