തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോടതിയില്‍ മൊഴിയില്‍ നല്‍കി. വ്യാജ ആരോപണങ്ങളാണ് വി എസ് അച്യുതാനന്ദന്‍ മാധ്യമങ്ങള്‍ വഴി ഉന്നയിച്ചതെന്ന് ഉമ്മന്‍ചാണ്ടി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ മൊഴി നല്‍കി. തുടര്‍വിചാരണക്കായി കോടതി അഭിഭാഷക കമ്മീഷനെ നിയമിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബാണ് സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന് വി എസ് ആരോപണം ഉന്നയിച്ചത്. സോളാര്‍ കേസിന്റെ അന്വേഷണം നടക്കുന്ന സമയത്ത് വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നു.
സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ടെന്നും തട്ടിപ്പിന്റെ 30 ശതമാനം ഉമ്മന്‍ ചാണ്ടിക്ക് കമ്മീഷനായി നല്‍കാന്‍ ധാരണയുണ്ടായിരുന്നുവെന്നുമായിരുന്നു വി എസ് അച്യുതാനന്ദന്റെ ആരോപണം. എറണാകുളം ഗസ്റ്റ് ഹൗസില്‍ ബിജു രാധാകൃഷ്ണനുമായി അടച്ചിട്ട മുറിയില്‍ ഉമ്മന്‍ ചാണ്ടി ഒരു മണിക്കൂര്‍ സംസാരിച്ചത് തട്ടിപ്പ് കമ്ബനിയെ കുറിച്ചും ലഭിക്കേണ്ട വിഹിതത്തെ കുറിച്ചുമായിരുന്നു.
കേരളത്തിലെ ജനങ്ങളുടെ കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിയുടെയും ഓഫീസിന്റെയും പിന്തുണയുണ്ടെന്നും വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ 31 കേസുകളും അന്നത്തെ സഹമന്ത്രിമാര്‍ക്കെതിരെ 136 കേസുകളും കോടതിയുടെ പരിഗണനയിലുണ്ടെന്നും വി എസ് ആരോപിച്ചിരുന്നു.