തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് അറ്റ്‌ലീ. രാജാറാണി,തെറി,മെര്‍സല്‍ തുടങ്ങിയവ അറ്റ്‌ലീയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. ദളപതി വിജയ്‌ക്കൊപ്പമുളള അറ്റ്‌ലീയുടെ മൂന്നാമത്തെ ചിത്രം ബിഗിലിന് വേണ്ടിയും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ബിഗിലിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെയാണ് നടന്നത്. ചടങ്ങില്‍ വെച്ച് അറ്റ്‌ലീ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

ഐപിഎല്‍ മല്‍സരത്തിനിടെ ഗാലറിയില്‍ ഷാരൂഖിനൊപ്പം ഇരിക്കുന്ന അറ്റ്‌ലീയുടെ ചിത്രം ഉപയോഗിച്ച് ഉണ്ടാക്കിയ മീം ചടങ്ങില്‍ കാണിച്ചിരുന്നു. കറുത്ത ടീ ഷര്‍ട്ട് ധരിച്ച് ഷാരൂഖിനൊപ്പം ഗാലറിയില്‍ ഇരിക്കുന്നതാണ് ചിത്രം. എടാ നിനക്ക് കറുത്ത വസ്ത്രം ഇടണമായിരുന്നോ തിരഞ്ഞു കണ്ടുപിടിക്കേണ്ടി വരന്നുല്ലോ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. ഇത് ചെയ്ത ആളുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ തുടങ്ങിയത്.

ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയവ വെറും ഭാഷകള്‍ മാത്രമാണ്.അതൊരു അറിവ്വല്ല, കറുപ്പ്, വെളുപ്പ് എന്ന് പറയുന്നത് വെറും നിറങ്ങളാണ്. അറ്റ്‌ലീ പറയുന്നു. തന്നെ ഇഷ്ടമില്ലാത്തവര്‍ പലതും പറയാറുണ്ട്. അവന്‍ നല്ല കറുപ്പാണെന്നും ഇവന് ഇങ്ങനെയൊരു ഭാര്യയെ ലഭിക്കേണ്ടിയിരുന്നില്ല എന്നുമൊക്കെ. ഇവന്‍ മൊത്തം കോപ്പിയടിക്കലാണല്ലോ എന്നും ആളുകള്‍ പറയുന്നു. സത്യത്തില്‍ എന്റെ ഹേറ്റേഴ്‌സിന് ആണ് എന്നെ കൂടുതലിഷ്ടം.

കറുപ്പും വെളുപ്പുമൊക്കെ തുല്യമാണെന്നും കാരണം എന്നെ ഇഷ്ടപ്പെടുന്നവര്‍ ദിവസേന നാലോ അഞ്ചോ തവണ മാത്രമായിരിക്കും എന്നെക്കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ ഇഷ്ടമില്ലാത്തവര്‍ നൂറുതവണയെങ്കിലും സംസാരിക്കും. അത് ശരിക്കും ഇഷ്ടമുളളതുകൊണ്ടല്ലേ. കറുപ്പും വെളുപ്പുമൊക്കെ തുല്യമാണെന്നും അത് വെറും നിറങ്ങള്‍ മാത്രമാണെന്നും സംവിധായകന്‍ പറഞ്ഞു. മറ്റു താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്യണമെന്ന് വിജയ് അണ്ണന്‍ പറയാറുണ്ട്.

സത്യം പറഞ്ഞാല്‍ എനിക്കും ആഗ്രഹമുണ്ട്. എന്നാല്‍ എന്ത് ചെയ്യാനാ, തിരക്കഥയെഴുതി പൂര്‍ത്തിയായി വരുമ്പോള്‍ ആദ്യം മനസില്‍ വരിക അണ്ണന്റെ മുഖമാണ്. താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ എറ്റവും മികച്ച തിരക്കഥ ബിഗിലിന്റെതാണെന്നും സംവിധായകന്‍ വ്യക്തമാക്കി. അതേസമയം ദീപാവലി റിലീസായിട്ടാണ് ബിഗില്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ പരിയേറും പെരുമാള്‍ താരം കതിറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിവേക്, യോഗി ബാബു, ഡാനിയേല്‍ ബാലാജി, ജാക്കി ഷ്‌റോഫ്, വര്‍ഷ ബൊലമ്മ, ഇന്ദുജ, റീബ മോണിക്ക ജോണ്‍, അമൃത അയ്യര്‍ തുടങ്ങിയവരാണ് ബിഗിലില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.