കൊച്ചി: പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി. ഒ. സൂരജിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്. പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസിലാണ് സൂരജിനെ വീണ്ടും ചോദ്യം ചെയ്യുക. ഇതിനായി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജയിലില്‍ ചോദ്യംചെയ്യാനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും.

മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ സൂരജ് നേരത്തെ മൊഴി നല്‍കിയിരുന്നു. പാലം നിര്‍മാണത്തിനായി കരാര്‍ ഏറ്റെടുത്ത കമ്ബനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞായിരുന്നുവെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ടി.ഒ സൂരജ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

ഗൂഢാലോചനയില്‍ ഉന്നത നേതാക്കള്‍ക്ക് പങ്കുള്ളതായി വിജിലന്‍സ് നേത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഒന്നാം പ്രതിയായ ആര്‍ജിഎസ് പ്രൊജക്ടിന്റെ എംഡി സുമിത് ഗോയലാണ് ഗൂഢാലോചനയുടെ കേന്ദ്രമെന്നും ഇതില്‍ ആരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നുള്ളത് ഇയാള്‍ക്ക് അറിയാമെന്നും വിജിലന്‍സ് പറഞ്ഞിരുന്നു.