തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ബാലഭാസ്‌കറിനെ അനുസ്മരിക്കുന്നു. ഒക്‌ടോബര്‍ ഒന്നിന് യൂണിവേഴ്‌സിറ്റി കോളേജിലാണ് പരിപാടി. ബാലുവിന്റെ സഹപാഠികളാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. രാവിലെ പത്തുമുതല്‍ രാത്രി ഒമ്ബതുമണിവരെ നീണ്ടുനില്‍ക്കുന്നതാണ് ചടങ്ങ്. മികച്ച കോളേജുകളുടെ പട്ടികയില്‍ ആദ്യ 23 റാങ്കില്‍ ഉള്‍പ്പെട്ട കലാലയ മുത്തശ്ശിയെയും ചടങ്ങില്‍ ആദരിക്കും. ബാലഭാസ്‌കര്‍ പഠിച്ച വേളയിലെ പ്രിന്‍സിപ്പല്‍, വകുപ്പു മേധാവികള്‍, നിലവിലെ പ്രിന്‍സിപ്പല്‍, അനദ്ധ്യാപക ജീവനക്കാര്‍, റാങ്ക് നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരെയും ആദരിക്കും. അതിനു പുറമെ യുവജനോത്സവ വേദികളിലും കായിക മത്സരങ്ങളിലും വിജയിച്ചവരെയും ആദരിക്കും. കോളേജിനെ ആദരിക്കല്‍ ചടങ്ങ് രാവിലെ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ‘ഓര്‍മകളില്‍ ബാലു’ ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബാലുവിന്റെ സഹപാഠികളായ സ്റ്റീഫന്‍ ദേവസി, ജാസി ഗിഫ്റ്റ് തുടങ്ങിയവര്‍ സംഗീതപരിപാടി അവതരിപ്പിക്കും. ഇതിനു പുറമെ കരമന സുധീര്‍, ജോബി, അലന്‍സിയര്‍ എന്നിവര്‍ ചേര്‍ന്ന് നാടകവും അവതരിപ്പിക്കും. ഉച്ചയ്ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കോളേജിലെ നിലവിലെ വിദ്യാര്‍ത്ഥികളുമായി തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും. ചടങ്ങില്‍ മുന്‍കാല അദ്ധ്യാപകരെയും പ്രിന്‍സിപ്പല്‍മാരെയും അനദ്ധ്യാപകരെയും ആദരിക്കുമെന്ന് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എസ് പി ദീപക് അറിയിച്ചു.
യൂണിവേഴ്‌സിറ്റി കോളേജില്‍ ബാലഭാസ്‌കര്‍ അനുസ്മരണം
