കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ പണം കൈപറ്റിയ രാഷ്ട്രീയ നേതാവ് താനല്ലെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. അഴിമതിയില്‍ പങ്കുള്ളവരുടെ പേരുവിവരങ്ങള്‍ ആര്‍ഡിഎസ് പ്രൊജക്ട്സ് എംഡി സുമിത് ഗോയലിന് അറിയാമെങ്കില്‍ അദ്ദേഹം തന്നെ പറയട്ടെയെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
വിജിലന്‍സിന്റെ നീക്കത്തില്‍ തനിക്ക് ആശങ്കയില്ല. വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിളിച്ചാല്‍ ഹാജരാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പകപോക്കലാണെന്ന് ഇപ്പോള്‍ കരുതുന്നില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പാലം നിര്‍മാണ കരാറുകാരനായ ആര്‍ഡിഎസ് പ്രൊജക്ട്സ് എംഡി സുമിത് ഗോയലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് േൈഹക്കാടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് അറിയിച്ചത്. സുമിത് ഗോയല്‍ ഉള്‍പ്പടെ കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈകോടതി വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തേടിയത്.
നേതാക്കള്‍ ആരെല്ലാമാണെന്ന് സുമിത് ഗോയലിന് അറിയാം. എന്നാല്‍, പേരുകള്‍ വെളിപ്പെടുത്താന്‍ ഗോയല്‍ ഭയക്കുകയാണെന്നും വിജിലന്‍സ് ഹൈകോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിജിലന്‍സ് അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി നാളെ പരിഗണിക്കും.
കേസിലെ ഒന്നാം പ്രതിയാണ് സുമിത് ഗോയല്‍. പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ്, കിറ്റ്കോ മുന്‍ എം.ഡി ബെന്നി പോള്‍, ആര്.ബി.ഡി.സി.കെ മുന്‍ അഡീഷനല്‍ മാനേജര്‍ എം.ടി. തങ്കച്ചന് എന്നിവരാണ് മറ്റ് പ്രതികള്‍.
പാലാരിവട്ടം പാലം നിര്‍മാണ അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ിനെ നേരത്തെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് ദേശീയപാത വിഭാഗത്തെ ഒഴിവാക്കി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് (ആര്.ബി.ഡി.സി.കെ) പാലത്തിന്റെ നിര്‍മാണ ചുമതല നല്‍കിയത്.