തിരുവനന്തപുരം: ഭോപ്പാലില്‍ നിന്നും കടല്‍ കാണാന്‍ നാടുവിട്ട 15 വയസ്സുകാരന് കടല്‍ കാണാന്‍ സൗകര്യമൊരുക്കി കേരളാ പോലീസ്. കൈയ്യില്‍ ആകെയുണ്ടായിരുന്ന നൂറു രൂപയുമെടുത്തു കടല്‍ കാണാന്‍ പുറപ്പെട്ടതായിരുന്നു 15 വയസ്സുകാരനായ ആ കൊച്ചുമിടുക്കന്‍.

അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം വിശന്ന് കരയുന്ന കുട്ടിയെ റോഡരികില്‍ കേരള പോലീസിലെ എസ്‌ഐ സമ്ബത് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ തിരുവല്ലം പോലീസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ അനുമതിയോടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

തുടര്‍ന്ന് കുട്ടിയെ കിട്ടിയ വിവരം ഔദ്യോഗികമായി ഭോപ്പാല്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. കുട്ടിയെ കാണാനില്ലെന്ന പരാതി അവിടെയും ലഭിച്ചതായി ഭോപ്പാല്‍ പോലീസ് മറുപടി നല്‍കി. തുടര്‍ന്ന് രക്ഷിതാക്കളോടൊപ്പം കുട്ടിയെ കൂട്ടാന്‍ ഭോപ്പാല്‍ പോലീസും കേരളത്തിലെത്തി.

ഭോപ്പാലില്‍ നിന്നും കടല്‍ കാണാന്‍ കേരളത്തില്‍ എത്തിയ കുട്ടിയുടെ കഥ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഈ സംഭവം ഫേസ്ബുക്കില്‍ തന്റെ അനുഭവക്കുറിപ്പായി പങ്കുവെച്ചിരിക്കുകയാണ് എസ്‌ഐ സമ്ബത്ത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘കടല്‍ കാണാന്‍ ഇറങ്ങി പുറപ്പെട്ടതായിരുന്നു ആ പതിനഞ്ചുകാരന്‍. 100 രൂപയുമെടുത്ത് ഭോപ്പാലില്‍ നിന്നും ട്രെയിന്‍ കയറി കടലു കാണാനിറങ്ങിയ കുട്ടിയെ കടലു കാണിച്ച്‌ സന്തോഷവാനാക്കി തന്നെ മടക്കി അയച്ചു.

15 കാരന്‍ മാത്രമല്ല അവനെ കൊണ്ടുപോകാനെത്തിയ സഹോദരനെയും ഭോപ്പാലില്‍ നിന്നെത്തിയ പൊലീസിനെയും കടല്‍ കാണിച്ചു. കോവളം കണ്ട സന്തോഷത്തോടെ കുട്ടി മടങ്ങുമ്ബോള്‍ ഈ കുറിപ്പെഴുതുന്നത് ഒരു കൃതജ്ഞയുടെ പേരിലാണ്.
ഏതാനും ദിവസം മുമ്ബാണ് വിശന്ന് കരയുന്ന കുട്ടിയെ റോഡരികില്‍ കണ്ടത്. തിരുവല്ലം പൊലീസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ അനുമതിയോടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച്‌ ഞാന്‍ ഭോപ്പാല്‍ പൊലീസുമായി ബന്ധപ്പെട്ടു. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഒരു കേസ് അവിടെയുമെടുത്തിരുന്നു.

മകനെ കൂട്ടികൊണ്ടു പോകാന്‍ ഭോപ്പാലില്‍ നിന്നും മാതാപിതാക്കള്‍ ഇന്നലെയെത്തി. ഞായറാഴ്ച തിരിച്ചു പോകാനുള്ള ടിക്കറ്റുമെടുത്താണവര്‍ എത്തിയര്‍. ശനിയാഴ്ച അവധി ദിവസമായതിനാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങളൊന്നും ഓഫീസിലുണ്ടായിരുന്നില്ല. പലകുറി പലരേയും പൊലീസും ലീഗല്‍ സര്‍വ്വീസിലെ അഡ്വ.ശ്രീജയും ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. അവര്‍ക്ക് തിരിച്ചു പോകാന്‍ കഴിയില്ലെന്ന് തന്നെ തീരുമാനിച്ചു. അപ്പോഴാണ് ഈ വിവരമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകനും സുഹൃത്തുമായ ഏഷ്യാനെറ്റ് ന്യൂസിലെ അരുണ്‍ വിളിക്കുന്നത്. കാര്യങ്ങള്‍ പറഞ്ഞു. ഒരു വാര്‍ത്തയെന്നതിനെക്കാള്‍ ഒരു ഇടപെടല്‍ അരുണ്‍ നടത്തിയതോടെയാണ് കുട്ടിക്ക് നാട്ടില്‍ പോകാന്‍ കഴിഞ്ഞത്.

വിവരം അറിയിച്ച ഉടന്‍ സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ സാര്‍ ഇടപെട്ടു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി -സബ് ജഡ്ജ് ജൂബിയ മാഡം ഇടപ്പെട്ടു. കൃത്യമായ ഇടപെടലുകളെ തുടര്‍ന്ന് ആറു മണിയോടെ സി ഡബ്ലിയു സി അംഗങ്ങളെല്ലാം ഓഫീസിലെത്തി. കുട്ടിയെ ഹാജരാക്കി നാട്ടിലേക്ക് പോകാന്‍ അനുമതി ബഹുമാനപ്പെട്ട കമ്മിറ്റി എനിക്ക് നല്‍കി. നാട്ടിലേക്കു പോകുന്നതിന് മുമ്ബ് അവന് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ ,കടല്‍ കാണണം. ഇന്നേ വരെ ഭോപ്പാലില്‍ നിന്നെത്തിയ കുട്ടികളുടെ മൂത്ത സഹോദനോ, അവര്‍ക്കൊപ്പമെത്തിയ പൊലീസോ കടല്‍ കണ്ടിലത്രേ. അങ്ങനെ കടല്‍ കാണിക്കാന്‍ തിരുവല്ലം പൊലീസ് തീരുമാനിച്ചു. ചേട്ടന്റെ കൈയും പിടിച്ച്‌ തിരമാല നോക്കിയുള്ള അവന്റെ ചിരി ..

ആ മുഖത്ത് ചിരി വിരിയാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ‘