ന്യൂഡല്‍ഹി: രാജ്യത്ത് 2021ഓടെ ഡിജിറ്റല്‍ സെന്‍സസ്, മള്‍ട്ടിപര്‍പ്പസ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ അതിനൂതന സംവിധാനങ്ങള്‍ പ്രാബല്യത്തിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത ജനസംഖ്യാ കണക്കെടുപ്പ് ഡിജിറ്റലായി നടപ്പാക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള വിവര ശേഖരണമായിരിക്കും നടക്കുകയെന്നും അമിത് ഷാ അറിയിച്ചു.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്നത് ശ്രമകരമായ ഉദ്യമമാണ്. ഇതിലൂടെയാണ് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അര്‍ഹരായവരെ കണ്ടെത്തുന്നത്. അതിനാല്‍ 2021 ഓടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. ഒരോ വീടുകളിലും എത്തി നേരിട്ടുള്ള കണക്കടുപ്പിന് പകരം ചരിത്രത്തിലാദ്യമായാണ് ഡിജിറ്റല്‍ സെന്‍സസ് നടപ്പാക്കുകയെന്നും 2021 മാര്‍ച്ച് ഒന്നു മുതല്‍ രണ്ടു ഘട്ടങ്ങളായി ജനസംഖ്യാ കണക്കെടുപ്പ് നടക്കുമെന്നും അമിത് ഷാ പറഞ്ഞു.
ജനസംഖ്യാ വിവരങ്ങള്‍ ഡിജിറ്റലാക്കുന്നതിനൊപ്പം വിവിധോദ്ദേശ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ആധാര്‍, പാസ്‌പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന കാര്‍ഡുകള്‍ക്ക് പകരം വിവരങ്ങള്‍ ഏകോപിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. മരണം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള പുതിയ സംവിധാനം ക്രമീകരിക്കുമെന്നും അമിത് ഷാ അറിയിച്ചു.